▲ ദേവത
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ ദേവത
കരഞ്ഞീലതുച്ചത്തിലാരാനും കേട്ടെങ്കിലോ
ഞെരങ്ങീ തേങ്ങിപ്പാവം പ്രാണവേദനമൂലം.
കഴിയും സഹിക്കുവാൻ മറ്റെന്തും, പ്രസവത്തിൻ
കടുയാതനപോലെ തീക്ഷ്ണമായ് മറ്റില്ലൊന്നും.
ഒടുവിൽ താനേ മിഴി കൂമ്പിപ്പോയ്, സ്വബോധത്തിൻ
പിടിവിട്ടെങ്ങോ തെറിച്ചിരുളില്‍ത്താണു ചിത്തം!
(സർവ്വവും ശൂന്യം, വെറും വിജനം, തമോമയം
ദുർവ്വിധേ, നിശിതമാം നിന്നിച്ഛ നടക്കട്ടേ!)
ആ മയക്കത്തിൻ മടിത്തടത്തിൽ കുറേ നേര
മാമട്ടിൽ തളർന്നവൾ കിടന്നൂ പൊങ്ങി ചന്ദ്രൻ!
ഉദ്രസമൂർന്നൂർന്നെത്തും വെൺനിലാക്കതിരുകൾ
നൃത്തമാടുന്നൂ ചുറ്റും കിന്നരി മാരെപ്പോലെ!
രാക്കിളി മരപ്പൊത്തിൽ ചിലച്ചൂ ഞെട്ടിപ്പിട
ഞ്ഞാത്തസംഭ്രമം പണിപ്പെട്ടവളെഴുന്നേറ്റു.
വന്നലയ്ക്കുന്നൂ കാതിൽ പിഞ്ചുരോദനമൊന്നിൻ
കുഞ്ഞല...യവൾക്കതാ കുളിർകോരുന്നൂ മെയ്യിൽ !
(അവളും മാതാവായി ലോകത്തിൻ പുരോഗതി
യ്ക്കവളും താങ്ങായ് പക്ഷേ നന്ദി കാറ്റുമോ ലോകം?)
കുഞ്ഞിനെ വാരിക്കോരിയെടുത്തു മാറിൽച്ചേർത്തു
നെഞ്ചിടിപ്പോടെ ചാരിയിരുന്നൂ മരച്ചോട്ടിൽ.
തന്നത്താൻ ചുരന്നുപോയാ മുല രണ്ടും! ഹാ ഹാ!
മന്നിൽ മറ്റെന്തുണ്ടു നിൻ മീതെയായ്, മാതൃത്വമേ!
ചിറകറ്റതാം ചിത്രശലഭത്തിനെപ്പോലെ
വിറകൊള്ളുന്നൂ ചിത്തം ചിന്തകൾ ചിതറുന്നൂ.
തീർന്നുപോകില്ലേ രാത്രി? വെളിച്ചം കിഴക്കുനി
ന്നൂർന്നുവീഴില്ലേ? വീണ്ടും ലോകമിതുണരില്ലേ?
ക്ഷുദ്രമിപ്രപഞ്ചത്തിൽ ജീവിതമൊരു നീണ്ട
നിദ്രയും നിശീഥവും മാത്രമായിരുന്നെങ്കിൽ!
പതറിപ്പറക്കുന്നൂ മാനസം പലമട്ടിൽ
പതിച്ചും തല്ലിത്തല്ലിപ്പിടച്ചും മേലോട്ടാഞ്ഞും!
ഇല്ലല്ലോ തനിയ്ക്കെങ്ങുമഭയം ചുറ്റുംവിഷ
ക്കല്ലുകൾ, മുനകൂർത്ത മുള്ളുകൾ,തീക്കുണ്ഡങ്ങൾ!
അനങ്ങാനരുതല്ലോ! വിണ്ണിലങ്ങതാ ദൂര
ത്തവൾതൻ നേരേ നോക്കിചിരിപ്പൂ നക്ഷത്രങ്ങൾ!
ചിത്രങ്ങൾ, ദയനീയചിത്രങ്ങൾ, നടുങ്ങിപ്പോം
ചിത്രങ്ങൾ, കണ്ണീരിന്‍റെ ചിത്രങ്ങൾ കാണായ് മുന്നിൽ!
തീപ്പൊരിപാറും കണ്ണോടുഗനാം വളർത്തച്ഛൻ
തീർപ്പു ഗർജ്ജിപ്പൂഃ "വീടുവിട്ടിറങ്ങിപ്പോ, ശാശേ!
കാലൊടിയ്ക്കും ഞാൻ കണ്ടാൽ കല്ലെറി,ഞ്ഞോർത്തോ, കണ്ണിൽ
ക്കാണരുതിനിമേലിൽ തേവിടിശ്ശിയാം നിന്നെ. . . !"
"പൊറുക്കൂ കനി, ഞ്ഞച്ഛാ, മേലിൽ...ഞാൻ" "ഛീ, മിണ്ടാതെ
പുറത്തു പോയ്ക്കോ, നാണം കെട്ടവളേ, നീ വേഗം!
നിന്നാലെൻ തരം മാറും, കഴിയ്ക്കും കഥയിപ്പോ
ളൊന്നിച്ചു രണ്ടിന്‍റെയും നന്നായിക്കരുതിക്കോ!
ഇറങ്ങൂ!" ചുരുട്ടിയ മുഷ്ടിയോ,ടലറിക്കൊ
ണ്ടൊരു ദുർഭൂതം പോലെ പാഞ്ഞടുക്കുന്നൂ താതൻ!
ഞൊടിയിൽ, താനോമനക്കുഞ്ഞിനെ മാറിൽച്ചേർത്തു
പടിവിട്ടിറങ്ങുന്നൂ ചിരിപ്പൂ നക്ഷത്രങ്ങൾ!
വിസ്തൃതവിശ്വം മുന്നിൽ, തിമിരം കൂത്താടുന്ന
വിസ്തൃതവിശ്വം മുന്നിൽ, ചിരിപ്പൂ നക്ഷത്രങ്ങൾ!
ദൂരത്തു ദൂരത്തോരോ നേർത്ത വെൺകതിർ പാകി
പ്പാറുന്നുണ്ടിടയ്ക്കിടെത്തൈമിന്നാമിനുങ്ങുകൾ.
ആവലിൻ ചിറകടി, വിശപ്പു, ദാഹം! തനി
യ്ക്കാവതെ,ന്തയ്യോ, കൈയി ലൊരു ചെഞ്ചോരപ്പൈതൽ!
'ആ മരച്ചോട്ടിൽച്ചെന്നു കിടക്കാം, കരഞ്ഞിടായ്
കോമനേ!' തേങ്ങിത്തേങ്ങി,ച്ചിരിപ്പൂ നക്ഷത്രങ്ങൾ!
ഉന്നതഭാഗ്യം ശിരസ്സുയർത്തി നിൽക്കും പോലെ
മുന്നിലായൊരു രമ്യഹർമ്മ്യമങ്ങതാ കാണ്മൂ;
പുച്ഛഭാവത്തിൽപ്പിച്ചക്കാരെനോക്കിക്കൊ,ണ്ടോരോ
പുഷ്പങ്ങൾ ചിരിക്കുന്ന പൂന്തോട്ടത്തിനു പിന്നിൽ
ഭക്ഷണം യാചിച്ചെത്തും ഭിക്ഷുകരെ ശ്ശാസിച്ചു
പക്ഷികൾ ചിലയ്ക്കുന്ന പൂമരച്ചാർത്തിൻ പിന്നിൽ!
പട്ടിണിപ്പരിഷയെപ്പടികേറിപ്പിക്കാത്ത
പട്ടികൾ കുരയ്ക്കുന്ന പൂമുറ്റത്തിനുപിന്നിൽ!
ഉണ്മയിൽ സന്ധ്യാലക്ഷ്മി സിന്ദൂരം പൂശിച്ചൊരാ
വെണ്മാടത്തിന്മേ,ലൊരു പട്ടുമെത്തയും ചാരി,
ചിന്നിടും സിതധൂമവലയങ്ങളെ നോക്കി
മന്ദമാരുതനുമേറ്റിരിപ്പൂ ഗൃഹനാഥൻ!
ആനോട്ടം യദൃച്ഛയാ താഴത്തെ നിരത്തിലേ
യ്ക്കാപതിപ്പു; ഹാ, തനിയ്ക്കെന്തിനിപ്പുളകങ്ങൾ?
മിന്നൽപോൽപ്പിടഞ്ഞേറ്റു മാറിയോരെജമാനൻ
തന്നുഗസ്വരമിടിവെട്ടുന്നതേവം കേൾപ്പൂ
"ആരെടാ പടിവാതിൽ തുറന്നിട്ടതാ,പ്പിച്ച
ക്കാരിപ്പെണ്ണിനെ, യാട്ടിയോടിക്കു വേഗം ദൂരെ!"
ആരുടെയാഗ്നേയാസ്ത്രമാണതു? തൻപ്രാണനാ
മാരോമൽക്കുഞ്ഞിൻ താതനന്യയാണെന്നോ താനും?
ഇരുൾ മൂടുന്നുകണ്ണിൽ,സർവ്വാംഗം തളരുന്നൂ,
കരയാൻപോലും, കഷ്ടം, കഴിയാതായിടുന്നു!
രാഗനൈർമ്മല്യത്തിനെദ്ദംശിച്ചു മൂർച്ഛിപ്പിച്ച
ഭോഗമേ, ഫണംവിരിച്ചിപ്പൊഴും ചീറ്റുന്നോ നീ?
എ,ന്തിടിത്തീയാണെന്നോ പൂനിലാവിൻ വേഷത്തി
ലന്തികത്തെത്തി,ത്തന്നെയാകർഷിച്ചൊരാ സ്വപ്നം?
ചേണെഴും വിശ്വാസമേ, നീ വെറും മരീചിക
യാണെന്നോ? ചിരിയ്ക്കുന്നൂ സാന്ധ്യതാരകൾ വിണ്ണിൽ!
വ്യവസായോൽക്കർഷത്തിൻ കേന്ദ്രമാം ശാലയ്ക്കുള്ളി
ലവൾ നിൽക്കുന്നൂ കൂട്ടുകാരികളോടും കൂടി.
എല്ലാവർക്കുമവളുറ്റചങ്ങാതിയാ,ണാരോടും
ചൊല്ലിയിട്ടില്ലിന്നോളം മുഷിഞ്ഞിട്ടൊരു വാക്കും.
അത്രമേൽ വിനീതമായ് നിന്നൊരാ വനപുഷ്പം
നിസ്തുല സൗരഭ്യത്തിൻ ധാമമായിരുന്നെന്നോ?
കൂട്ടുകാരികളർത്ഥം വെച്ചോതിക്കളിപ്പിപ്പൂ;
"കാട്ടു ചെമ്പകപ്പൂവേ, കാമിപ്പു നിന്നെസ്സോമൻ!"
ചൊല്ലുന്നൂ യജമാനൻ നഗ്നമാം തൻമാർത്തട്ടിൽ
പ്പല്ലവാംഗുലികൾ ചേർ"ത്തോമനേ, പേടിയ്ക്കേണ്ട!
ഞാനുണ്ടു നിനക്കെന്നും!" അപ്രാണനാഥൻതന്നെ
യാണെന്നോ ഗർജ്ജിച്ചതു പിച്ചക്കാരിയെന്നിപ്പോൾ?
ആരുടെ തൃക്കാൽക്കൽത്തൻ സർവ്വവും സമർപ്പിച്ചി
താ രാവി,ലദ്ദേഹത്തിനിന്നു താൻ പിച്ചക്കാരി!
കൈതവമറിയാത്ത തൻപ്രാണസർവ്വസ്വമാം
പൈതലിൻ താതന്നിന്നു താൻ, വെറും പിച്ചക്കാരി!
ഇരുളിൽ കാമഭ്രാന്തിൻ 'പ്രാണനാമാരോമലാ'
ണരുതോർക്കുവാൻ, കഷ്ടം, താനിന്നു പിച്ചക്കാരി!
ഹൃദയം തകർന്നുതാൻ പിന്മടങ്ങുന്നൂ! കൊടും
ചതി, പിന്നെയും നോക്കിച്ചിരിപ്പൂ നക്ഷത്രങ്ങൾ!
ഉണ്ടൊരു ചെറ്റപ്പുരയവൾകും തെരുവിൽപ്പോയ്
തെണ്ടാതെ, കൂലിപ്പണി ചെയ്കയാണവൾ വീണ്ടും.
പട്ടിണിയാണെങ്കിലും തനിയ്ക്കു,പൊന്നോമന
ക്കുട്ടനെ വിശപ്പിയ്ക്കാനിടയായിട്ടില്ലല്ലോ!
പുസ്തകങ്ങളും സ്ലേറ്റുമേന്തിക്കൊ,ണ്ടുടിപ്പുമി
ട്ടത്യന്തസന്തുഷ്ടനായ്, കൂട്ടുകാരോടുകൂടി,
പോകുന്നു വിദ്യാലയത്തിങ്കലേയ്ക്കവൻ,ഹർഷ
മൂകനായ് പടിയ്ക്കൽ,ത്താൻ നിൽക്കയാണതും നോക്കി!
വഴിയേ പോയിടുവോർ ശൃംഗാരസാന്ദ്രസ്മിതം
വഴിയും കൺകോണിനാൽ കല്ലെറിയുന്നൂ തന്നെ!
ദരിദ്രയ്ക്കൊരിക്കലും സിന്ദരിയായിക്കൂടാ
ത്തൊരു ലോകത്താണല്ലോ ജീവിക്കേണ്ടതു പാവം!
ഇരുളിൽ,ക്കരിയിലപോലുമൊന്നനങ്ങിയാ
ലുറക്കെക്കുരയ്ക്കും, തൻ നായിന്‍റെ സഹായത്താൽ,
സതതം ചകിതമായ്മേവും, തൻചാരിത്രത്തിൽ
ക്ഷതമേറ്റില്ലിന്നോള,മീശ്വരൻ ജയിയ്ക്കട്ടേ!
പുലർ വേളയിൽ മൂടൽമഞ്ഞൊഴിഞ്ഞൊഴീഞ്ഞാരാൽ
ത്തെളിയുംശൈലോത്തുംഗശൃംഗമണ്ഡലംപോലെ1
അവതീർണ്ണമാ,യതാ കാൺകയാണവൾ മുന്നി
ലരുമപ്പൂമ്പൈതലിൻ വിഖ്യാതവിദ്യാലയം!
വട്ടമിട്ടതാനിൽപൂ തന്നോമൽക്കുഞ്ഞിൻ ചുറ്റും
കുട്ടിക,ളോരുത്തനുണ്ടിങ്ങനെ ചോദിക്കുന്നു:
"ആരെടാ നിന്നച്ഛൻ"? ഹാ മിണ്ടാതെ, മുഖം കുനി
ച്ചാരോമൽപുത്രൻ നിൽപൂ ചിരിപ്പൂ മറ്റെല്ലാരും!
"തന്തയില്ലാത്തോൻ, കഷ്ടം തന്തയില്ലാത്തോൻ!" കൈകൾ
സന്തോഷപൂർവം കൊട്ടിയാർത്തവർ ചിരിക്കുന്നു!
തന്മണിക്കുഞ്ഞിൻ രണ്ടുകൺകളും നിറ,ഞ്ഞിളം
പൊന്മലർക്കവിളിലൂടൊഴുകുന്നല്ലോ കണ്ണീർ!
അഴലാകാരം പൂണ്ടു വന്നപോൽ, വൈകുന്നേര
ത്തരികേ വന്നിട്ടിതാ ചോദിപ്പൂ തന്നോടവൻ:
"അച്ഛ്നാരെനിയ്ക്കമ്മേ" ഹൃദയം പൊട്ടിത്തക
ർന്നശ്രുധാരയിൽ മുങ്ങിത്താൻ നിലംപതിയ്ക്കുന്നു!
അവനും വളരുന്നുണ്ടാ വിദ്യാലയത്തിലേ
യ്ക്കവനാ ദിനംതൊട്ടു ചെന്നിട്ടില്ലൊരിക്കലും!
തെരുവില്‍ത്തെണ്ടിതെണ്ടി നടപ്പൂ മേലാകവേ
ചൊറിയും ചേറും നിറഞ്ഞിന്നവ, നതാ നോക്കൂ!
ഹോട്ടലിൻ പിൻഭാഗത്തുള്ളാ നാറുമെച്ചിൽക്കുണ്ടി
ലാട്ടിയോടിച്ചാലോടി മാറിയും, വീണ്ടും വന്നും,
വടിച്ചുനക്കീടുന്നിതാർത്തിയോടിലയോരോ
ന്നടങ്ങാതാളിക്കത്തും വിശപ്പിൽ പൊരിഞ്ഞവൻ!
നായ്ക്കൾക്കുപോലും, കഷ്ടം, വെറുപ്പാണവനോടു
നാറ്റമുണ്ടവന്നടുത്തടുക്കില്ലാരുംതന്നെ!
എന്നാലു,മവന്നുണ്ടു കൂട്ടുകാരെച്ചിൽക്കുണ്ടി
ലൊന്നിച്ചു കൂടീടുന്ന പട്ടിണിപ്പേക്കോലങ്ങൾ!
കുഷ്ഠവും, പീളക്കണ്ണും, വ്രണവും, പാണ്ടും, പലേ
മട്ടിവ,യോരോന്നായു,മൊക്കെയും കൂടിച്ചേർന്നും,
നോക്കിയാലറയ്ക്കുന്ന സത്വങ്ങൾ! അവയിലൊ
ന്നാക്കിയല്ലോ ഹാ കഷ്ടം, തങ്കുഞ്ഞിനേയും, ദൈവം!
എങ്ങിനെ സഹിയ്ക്കും താൻ? ഹൃദയം തകരുന്നി
തെന്നിട്ടും ചിരിയ്ക്കുന്നൂ നിർദ്ദയം നക്ഷത്രങ്ങൾ!
കീറപ്പാഴ്ത്തുണികളാൽ പൊതിഞ്ഞീടിലും,പൊട്ടി
ച്ചോരയും ചലവും ചേർന്നൊന്നിച്ചു പറ്റിക്കൂടി,
കാച്ചിൽവെട്ടിയമട്ടിലിരിക്കും കണങ്കാലി
ലീച്ചയാർത്തരിച്ചരിച്ചങ്ങനെ തൊന്തിത്തൊന്തി,
തെരുവിൽ,ത്തൻ പുത്രന്‍റെ പിന്നാലെ, ഞെരങ്ങീടു
മൊരു കുഞ്ഞിനെ മാറിൽച്ചേർത്തുകൊണ്ടവശയായ്,
പിച്ചപ്പാളയും കൈയിൽ പേറിക്കൊണ്ടാരുവളാ
രുച്ചവെയ്ലത്താ നിൽപോൾ? ചിരിപ്പൂ നക്ഷത്രങ്ങൾ!
ഞെട്ടിപ്പോയവ,ളതാ കോഴി കൂകുന്നൂ,, മടി
ത്തട്ടിലാച്ചെറുപൈതൽ മയങ്ങിക്കിടക്കുന്നു.
വിളറാനാരംഭിപ്പൂപൂർവ്വദിങ്ങ്മുഖ,മയ്യോ,
വെളിച്ചം, വെളിച്ചം, ഹാ, വിറകൊള്ളുന്നൂ പാവം!
"ഒരു കാലത്തും പാടില്ലത്ര ദാരുണമാകും
നരകത്തിലേയ്ക്കു, ഞാൻ വിട്ടയയ്ക്കില്ല, നിന്നെ!
ജീവിതം നിനക്കു ഞാനേകുന്ന പാപം നീക്കാ
നാവില്ല പാടില്ല, നീ ജീവിച്ചുകൂടാ കുഞ്ഞേ!
വളർന്നാൽ ശപിക്കില്ലേ നീയെന്നെ?" ദൂരത്തെങ്ങോ
വളർപൂങ്കോഴിയൊന്നു നീളത്തിൽക്കൂകി വീണ്ടും!
മഞ്ഞുനീർക്കണങ്ങളാൽക്കരയുന്നെന്നോ, മണി
ക്കുഞ്ഞിനെ നോക്കി നിന്നാ മരച്ചില്ലകൾപോലും!
അരയാലിലപോലെ വിറകൊള്ളുന്നൂ ചെയ്യാ
നരുതാക്കടുംകൈയതമ്മയാണവളിപ്പോൾ!
"വിധിയാർക്കറിയാം, നീയോമനേ, സൗഭാഗ്യത്തിൻ
നിധികുംഭമായ് സ്വയം മാറുകില്ലെന്നാർ കണ്ടൂ?
ശ്രീതാവും കലാലോകസാമ്രാട്ടോ, സമുദായ
നേതാവോ, സമാധാനദൂതനാം യതീശനോ,
ഇന്നേവം മയങ്ങിയെൻ മടിയിൽക്കിടക്കുന്ന
നിന്നിലില്ലെന്നാർ കണ്ടൂ?" ചിരിപ്പൂ നക്ഷത്രങ്ങൾ!
"വ്യാമോഹം! വെറും, വെറും, വ്യാമോഹം! മാതാവിന്‍റെ
വ്യാമോഹം! ഭാഗ്യത്തോടുനിനക്കെന്തയ്യോ, ബന്ധം?
പൈതലേ, പാവപ്പെട്ടോർക്കുള്ളതല്ലൊരിയ്ക്കലും
കൈതവക്കൊടിക്കൂറ പാറിടുന്നൊരീ ലോകം!
സ്വപ്നത്തിൽ സ്വയമിന്നു ചിരിയ്ക്കും നീ, നാളെ,യ
സ്വസ്ഥനായ്ത്തേങ്ങിത്തേങ്ങിക്കണ്ണുനീർ പെയ്യും കുഞ്ഞേ!
ഹതയാം ഞാൻമൂലം, നീ നിത്യദാരിദ്യ്രത്തിന്‍റെ
ചിതയിൽ തരികില്ല മാപ്പെനി,യ്ക്കെങ്കിൽ, ദൈവം!
നിന്നെ ഞാൻ കരയിയ്ക്കില്ലൊരു കാലത്തും നോക്കൂ
വിണ്ണിൽ നി,ന്നതാ, നിന്നെ വിളിപ്പൂ നക്ഷത്രങ്ങൾ!
എന്നെയിന്നവർക്കൊക്കെപ്പരിഹാസമാ,ണെന്നാൽ
നിന്നൊടുണ്ടവർക്കെന്തോ മമതാബന്ധം നൂനം.
വേഗമാകട്ടേ, പോകയാണവ,രെത്താറായീ
ലോകബാന്ധവൻ, കണികാണേണ്ട നീയീ ലോകം!
പട്ടിണിപ്പേക്കോലത്തിനൊന്നിനെങ്കിലും, മന്നിൽ
ദുഷ്ടയായിക്കോട്ടേ ഞാൻ കുറവുണ്ടാകുന്നല്ലോ!
മുജ്ജന്മമെന്തോ പാപമൽപം നീ ചെയ്തിട്ടാകാം
മൽസ്തന്യപാനത്തിന്നു നിനക്കു വിധിയായി!
അച്ചുണ്ടിൽച്ചിരി, യയ്യോ,വിറയ്ക്കുന്നിതെൻ കൈകൾ
നിശ്ചയം, പാപം, പാപം, കൺമണീ, കരയൊല്ലേ!
ഇന്നോളം ദൈവമ്മാത്രമുമ്മവെച്ചോരച്ച്ണ്ടി
ലൊന്നിനി ഞാനും കാണാം നമുക്കു വിണ്ണിൽ കുഞ്ഞേ! ...'
അക്കുഞ്ഞിക്കഴു,ത്തവൾ കണ്ണടച്ചുംകൊ,ണ്ടതാ
ഞെക്കുന്നു ഞെരങ്ങായ്ക, പിടയ്ക്കായ്കിളംകുഞ്ഞേ!
ഞൊടിനേരത്തേയ്ക്കുള്ളു വേദനമാത്രം തീർന്നൂ
പിടയില്ലിനി നീ, നിൻ സർവ്വാംഗം മരവിച്ചു!
സുകൃതം ചെയ്തോനാണു പൈതലേ നീ, ലോകത്തിൻ
പുകയേൽക്കാതേ, നിങ്കണ്ണടയാൻ കഴിഞ്ഞല്ലോ!....
ദേവതേ, നീയ്യെന്തയ്യോ,കണ്ണൂനീർ ചൊരിയുന്ന
തീവിധം തേങ്ങിത്തേങ്ങി? നിന്നെ ഞാൻ നമിയ്ക്കുന്നു!
ചെയ്തിട്ടില്ലപരാധമൊന്നും നീ, മന്ദസ്മിതം
പെയ്തെത്തിക്കിഴ,ക്കതാ പുൽകുന്നിതീശൻ, നിന്നെ!
മർത്ത്യരെക്കൂട്ടക്കൊല ചെയ്തുചെ,യ്തൊഴുകുന്ന
രക്തത്തിൽ നീന്തിപ്പുളച്ചെത്തിടുന്നോർതൻ മാറിൽ,
ആത്തകൗതുകം, നാളെച്ചരിത്രം വാഴ്ത്താനുള്ള
കീർത്തിമുദ്രകൾ തുന്നിപ്പിടിപ്പിച്ചതിൻശേഷം,
ലോകനീതിതൻ കൈകൾ, കൽത്തുറുങ്കിലേയ്ക്കുന്തി
യാകുലേ, നീക്കാം നിന്നെ നിർദ്ദയം പക്ഷേ ദൈവം,
ഉമ്മവെച്ചീടും നിന്‍റെ നെറ്റിമെൽ, വാത്സല്യത്തിൻ
വെൺമലർ ചൊരിഞ്ഞുകൊണ്ടന്നു, നീ ചിരിയ്ക്കില്ലേ?...
Manglish Transcribe ↓
Changampuzha krushnapilla=>▲ devatha
karanjeelathucchatthilaaraanum kettenkilo
njerangee thengippaavam praanavedanamoolam. Kazhiyum sahikkuvaan mattenthum, prasavatthin
kaduyaathanapole theekshnamaayu mattillonnum. Oduvil thaane mizhi koompippoyu, svabodhatthin
pidivittengo thericchiruliltthaanu chittham!
(sarvvavum shoonyam, verum vijanam, thamomayam
durvvidhe, nishithamaam ninnichchha nadakkatte!)
aa mayakkatthin maditthadatthil kure nera
maamattil thalarnnaval kidannoo pongi chandran! Udrasamoornnoornnetthum vennilaakkathirukal
nrutthamaadunnoo chuttum kinnari maareppole! Raakkili marappotthil chilacchoo njettippida
njaatthasambhramam panippettavalezhunnettu. Vannalaykkunnoo kaathil pinchurodanamonnin
kunjala... Yavalkkathaa kulirkorunnoo meyyil !
(avalum maathaavaayi lokatthin purogathi
ykkavalum thaangaayu pakshe nandi kaattumo lokam?)
kunjine vaarikkoriyedutthu maarilcchertthu
nenchidippode chaariyirunnoo maracchottil. Thannatthaan churannupoyaa mula randum! Haa haa! Mannil mattenthundu nin meetheyaayu, maathruthvame! Chirakattathaam chithrashalabhatthineppole
virakollunnoo chittham chinthakal chitharunnoo. Theernnupokille raathri? Veliccham kizhakkuni
nnoornnuveezhille? Veendum lokamithunarille? Kshudramiprapanchatthil jeevithamoru neenda
nidrayum nisheethavum maathramaayirunnenkil! Patharipparakkunnoo maanasam palamattil
pathicchum thallitthallippidacchum melottaanjum! Illallo thaniykkengumabhayam chuttumvisha
kkallukal, munakoorttha mullukal,theekkundangal! Anangaanaruthallo! Vinnilangathaa doora
tthavalthan nere nokkichirippoo nakshathrangal! Chithrangal, dayaneeyachithrangal, nadungippom
chithrangal, kanneerinre chithrangal kaanaayu munnil! Theepporipaarum kannoduganaam valartthachchhan
theerppu garjjippooa "veeduvittirangippo, shaashe! Kaalodiykkum njaan kandaal kalleri,njorttho, kannil
kkaanaruthinimelil thevidishiyaam ninne. . . !"
"porukkoo kani, njachchhaa, melil... Njaan" "chhee, mindaathe
puratthu poykko, naanam kettavale, nee vegam! Ninnaalen tharam maarum, kazhiykkum kathayippo
lonnicchu randinreyum nannaayikkaruthikko! Irangoo!" churuttiya mushdiyo,dalarikko
ndoru durbhootham pole paanjadukkunnoo thaathan! Njodiyil, thaanomanakkunjine maarilcchertthu
padivittirangunnoo chirippoo nakshathrangal! Visthruthavishvam munnil, thimiram kootthaadunna
visthruthavishvam munnil, chirippoo nakshathrangal! Dooratthu dooratthoro nerttha venkathir paaki
ppaarunnundidaykkidetthyminnaaminungukal. Aavalin chirakadi, vishappu, daaham! Thani
ykkaavathe,nthayyo, kyyi loru chenchorappythal!
'aa maracchottilcchennu kidakkaam, karanjidaayu
komane!' thengitthengi,cchirippoo nakshathrangal! Unnathabhaagyam shirasuyartthi nilkkum pole
munnilaayoru ramyaharmmyamangathaa kaanmoo;
puchchhabhaavatthilppicchakkaarenokkikko,ndoro
pushpangal chirikkunna poonthottatthinu pinnil
bhakshanam yaachicchetthum bhikshukare shaasicchu
pakshikal chilaykkunna poomaracchaartthin pinnil! Pattinipparishayeppadikerippikkaattha
pattikal kuraykkunna poomuttatthinupinnil! Unmayil sandhyaalakshmi sindooram pooshicchoraa
venmaadatthinme,loru pattumetthayum chaari,
chinnidum sithadhoomavalayangale nokki
mandamaaruthanumettirippoo gruhanaathan! Aanottam yadruchchhayaa thaazhatthe niratthile
ykkaapathippu; haa, thaniykkenthinippulakangal? Minnalpolppidanjettu maariyorejamaanan
thannugasvaramidivettunnathevam kelppoo
"aaredaa padivaathil thurannittathaa,ppiccha
kkaarippennine, yaattiyodikku vegam doore!"
aarudeyaagneyaasthramaanathu? Thanpraananaa
maaromalkkunjin thaathananyayaanenno thaanum? Irul moodunnukannil,sarvvaamgam thalarunnoo,
karayaanpolum, kashdam, kazhiyaathaayidunnu! Raaganyrmmalyatthineddhamshicchu moorchchhippiccha
bhogame, phanamviricchippozhum cheettunno nee? E,nthidittheeyaanenno poonilaavin veshatthi
lanthikatthetthi,tthanneyaakarshicchoraa svapnam? Chenezhum vishvaasame, nee verum mareechika
yaanenno? Chiriykkunnoo saandhyathaarakal vinnil! Vyavasaayolkkarshatthin kendramaam shaalaykkulli
laval nilkkunnoo koottukaarikalodum koodi. Ellaavarkkumavaluttachangaathiyaa,naarodum
cholliyittillinnolam mushinjittoru vaakkum. Athramel vineethamaayu ninnoraa vanapushpam
nisthula saurabhyatthin dhaamamaayirunnenno? Koottukaarikalarththam vecchothikkalippippoo;
"kaattu chempakappoove, kaamippu ninnesoman!"
chollunnoo yajamaanan nagnamaam thanmaartthattil
ppallavaamgulikal cher"tthomane, pediykkenda! Njaanundu ninakkennum!" apraananaathanthanne
yaanenno garjjicchathu picchakkaariyennippol? Aarude thrukkaalkkaltthan sarvvavum samarppicchi
thaa raavi,laddhehatthininnu thaan picchakkaari! Kythavamariyaattha thanpraanasarvvasvamaam
pythalin thaathanninnu thaan, verum picchakkaari! Irulil kaamabhraanthin 'praananaamaaromalaa'
naruthorkkuvaan, kashdam, thaaninnu picchakkaari! Hrudayam thakarnnuthaan pinmadangunnoo! Kodum
chathi, pinneyum nokkicchirippoo nakshathrangal! Undoru chettappurayavalkum theruvilppoyu
thendaathe, koolippani cheykayaanaval veendum. Pattiniyaanenkilum thaniykku,ponnomana
kkuttane vishappiykkaanidayaayittillallo! Pusthakangalum slettumenthikko,ndudippumi
ttathyanthasanthushdanaayu, koottukaarodukoodi,
pokunnu vidyaalayatthinkaleykkavan,harsha
mookanaayu padiykkal,tthaan nilkkayaanathum nokki! Vazhiye poyiduvor shrumgaarasaandrasmitham
vazhiyum kankoninaal kalleriyunnoo thanne! Daridraykkorikkalum sindariyaayikkoodaa
tthoru lokatthaanallo jeevikkendathu paavam! Irulil,kkariyilapolumonnanangiyaa
lurakkekkuraykkum, than naayinre sahaayatthaal,
sathatham chakithamaaymevum, thanchaarithratthil
kshathamettillinnola,meeshvaran jayiykkatte! Pular velayil moodalmanjozhinjozheenjaaraal
ttheliyumshylotthumgashrumgamandalampole1
avatheernnamaa,yathaa kaankayaanaval munni
larumappoompythalin vikhyaathavidyaalayam! Vattamittathaanilpoo thannomalkkunjin chuttum
kuttika,lorutthanundingane chodikkunnu:
"aaredaa ninnachchhan"? Haa mindaathe, mukham kuni
cchaaromalputhran nilpoo chirippoo mattellaarum!
"thanthayillaatthon, kashdam thanthayillaatthon!" kykal
santhoshapoorvam kottiyaartthavar chirikkunnu! Thanmanikkunjin randukankalum nira,njilam
ponmalarkkavililoodozhukunnallo kanneer! Azhalaakaaram poondu vannapol, vykunnera
ttharike vannittithaa chodippoo thannodavan:
"achchhnaareniykkamme" hrudayam pottitthaka
rnnashrudhaarayil mungitthaan nilampathiykkunnu! Avanum valarunnundaa vidyaalayatthile
ykkavanaa dinamthottu chennittillorikkalum! Theruviltthendithendi nadappoo melaakave
choriyum cherum niranjinnava, nathaa nokkoo! Hottalin pinbhaagatthullaa naarumecchilkkundi
laattiyodicchaalodi maariyum, veendum vannum,
vadicchunakkeedunnithaartthiyodilayoro
nnadangaathaalikkatthum vishappil porinjavan! Naaykkalkkupolum, kashdam, veruppaanavanodu
naattamundavannadutthadukkillaarumthanne! Ennaalu,mavannundu koottukaarecchilkkundi
lonnicchu koodeedunna pattinippekkolangal! Kushdtavum, peelakkannum, vranavum, paandum, pale
mattiva,yoronnaayu,mokkeyum koodicchernnum,
nokkiyaalaraykkunna sathvangal! Avayilo
nnaakkiyallo haa kashdam, thankunjineyum, dyvam! Engine sahiykkum thaan? Hrudayam thakarunni
thennittum chiriykkunnoo nirddhayam nakshathrangal! Keerappaazhtthunikalaal pothinjeedilum,potti
cchorayum chalavum chernnonnicchu pattikkoodi,
kaacchilvettiyamattilirikkum kanankaali
leecchayaartthariccharicchangane thonthitthonthi,
theruvil,tthan puthranre pinnaale, njerangeedu
moru kunjine maarilcchertthukondavashayaayu,
picchappaalayum kyyil perikkondaaruvalaa
rucchaveylatthaa nilpol? Chirippoo nakshathrangal! Njettippoyava,lathaa kozhi kookunnoo,, madi
tthattilaaccherupythal mayangikkidakkunnu. Vilaraanaarambhippoopoorvvadingmukha,mayyo,
veliccham, veliccham, haa, virakollunnoo paavam!
"oru kaalatthum paadillathra daarunamaakum
narakatthileykku, njaan vittayaykkilla, ninne! Jeevitham ninakku njaanekunna paapam neekkaa
naavilla paadilla, nee jeevicchukoodaa kunje! Valarnnaal shapikkille neeyenne?" dooratthengo
valarpoonkozhiyonnu neelatthilkkooki veendum! Manjuneerkkanangalaalkkarayunnenno, mani
kkunjine nokki ninnaa maracchillakalpolum! Arayaalilapole virakollunnoo cheyyaa
naruthaakkadumkyyathammayaanavalippol!
"vidhiyaarkkariyaam, neeyomane, saubhaagyatthin
nidhikumbhamaayu svayam maarukillennaar kandoo? Shreethaavum kalaalokasaamraatto, samudaaya
nethaavo, samaadhaanadoothanaam yatheeshano,
innevam mayangiyen madiyilkkidakkunna
ninnilillennaar kandoo?" chirippoo nakshathrangal!
"vyaamoham! Verum, verum, vyaamoham! Maathaavinre
vyaamoham! Bhaagyatthoduninakkenthayyo, bandham? Pythale, paavappettorkkullathalloriykkalum
kythavakkodikkoora paaridunnoree lokam! Svapnatthil svayaminnu chiriykkum nee, naale,ya
svasthanaaytthengitthengikkannuneer peyyum kunje! Hathayaam njaanmoolam, nee nithyadaaridyratthinre
chithayil tharikilla maappeni,ykkenkil, dyvam! Ninne njaan karayiykkilloru kaalatthum nokkoo
vinnil ni,nnathaa, ninne vilippoo nakshathrangal! Enneyinnavarkkokkepparihaasamaa,nennaal
ninnodundavarkkentho mamathaabandham noonam. Vegamaakatte, pokayaanava,retthaaraayee
lokabaandhavan, kanikaanenda neeyee lokam! Pattinippekkolatthinonninenkilum, mannil
dushdayaayikkotte njaan kuravundaakunnallo! Mujjanmamentho paapamalpam nee cheythittaakaam
malsthanyapaanatthinnu ninakku vidhiyaayi! Acchundilcchiri, yayyo,viraykkunnithen kykal
nishchayam, paapam, paapam, kanmanee, karayolle! Innolam dyvammaathramummavecchoracchndi
lonnini njaanum kaanaam namukku vinnil kunje! ...'
akkunjikkazhu,tthaval kannadacchumko,ndathaa
njekkunnu njerangaayka, pidaykkaaykilamkunje! Njodinerattheykkullu vedanamaathram theernnoo
pidayillini nee, nin sarvvaamgam maravicchu! Sukrutham cheythonaanu pythale nee, lokatthin
pukayelkkaathe, ninkannadayaan kazhinjallo!.... Devathe, neeyyenthayyo,kannooneer choriyunna
theevidham thengitthengi? Ninne njaan namiykkunnu! Cheythittillaparaadhamonnum nee, mandasmitham
peythetthikkizha,kkathaa pulkunnitheeshan, ninne! Martthyarekkoottakkola cheythuche,ythozhukunna
rakthatthil neenthippulacchetthidunnorthan maaril,
aatthakauthukam, naaleccharithram vaazhtthaanulla
keertthimudrakal thunnippidippicchathinshesham,
lokaneethithan kykal, kaltthurunkileykkunthi
yaakule, neekkaam ninne nirddhayam pakshe dyvam,
ummaveccheedum ninre nettimel, vaathsalyatthin
venmalar chorinjukondannu, nee chiriykkille?...