▲ പരാജയം ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പരാജയം ബാഷ്പാഞ്ജലി
സംസാരചക്രത്തിരിച്ചിലിൽ തേമാനം
സംഭവിച്ചീടാത്ത സൗരയൂഥം;
ചേതസ്സമാകർഷകങ്ങളായ് മിന്നിടും
ജ്യോതിമ്മർയങ്ങളാം ഗാളജാലം;
ആദിയുമന്തവുമില്ലാതപാരമാ
യാവിർഭവിക്കുമൊരന്തരീക്ഷം;
ഇത്രമേലത്ഭുതമൊന്നിക്കും ബ്രഹ്മാണ്ഡ
മെത്ര സഹസ്രങ്ങളുണ്ടിനിയും!
കോടാനുകോടികളായവയേതൊരു
വാടാവിളക്കിൻസ്ഫുലിംഗകങ്ങൾ?
ഇന്നത്തെ ശ്ശാസ്ത്രത്തെപ്പോലും പൊടുന്നനെ
സ്സംഭ്രമിപ്പിച്ചോരജ്ഞാതസത്യം
എത്ര പരീക്ഷണപാടവംകൊണ്ടുമൊ
രെത്തുംപിടിയും ലഭിച്ചിടാതെ,
മർത്ത്യനെപ്പേർത്തും ദയനീയസംശയ
ഗസ്തനായ് മാറ്റും മഹാരഹസ്യം
ഏത,തിൻ നിത്യപ്രകാശസരിത്തിലെൻ
ചേതനേ, ചെന്നു ലയിക്കുകനീ!
ആയതിൻ സൗന്ദര്യബോധലഹരിയി
ലാനന്ദഗാനമുതിർക്കുക നീ!
എന്തുപരാജയ,മെന്തു ദയനീയം!
ബന്ധിതമയ്യോ, പുരോഗമനം!
"സംഭവ്യതതൻതിരകളിൽ" നിന്നൊട്ടും
മുൻപോട്ടു പോകാത്ത ശാസ്ത്രമേ, നീ,
വിശ്വം ജയിച്ചെന്നഭിമാനകാഹള
മിത്രയും കാലം മുഴക്കിയില്ലേ;
ഒന്നിനുമൊട്ടുംവഴങ്ങാതെ പാഞ്ഞതാം
നിന്നഹങ്കാരമിന്നെങ്ങു പോയി?
സാതപമിന്നു നീ തൂകുമിഗ്ഗത്ഗദം
ഭാരതം പണ്ടേ പൊഴിച്ചതല്ലേ?
അന്നതുകേട്ടിട്ടവഗണിച്ചെന്തിനോ
മുന്നോട്ടുനീ, ഹാ, കുതിച്ചു പാഞ്ഞു.
ഇന്നതുനന്നായറിഞ്ഞുകഴിഞ്ഞ നീ
നിന്നിതാ പിന്നെയും സംഭ്രമിപ്പൂ.
തത്ത്വചിന്താബ്ധിതൻ താഴത്തെത്തട്ടിൽനി
ന്നുത്തമരത്നങ്ങൾ വാരി, വാരി,
അന്നാപ്പിതാമഹർ തന്നിരുന്നില്ലെങ്കി
ലിന്നയ്യോ, പട്ടിണിതന്നെ നമ്മൾ!
മാനസത്തിന്‍റെ വിശപ്പിനുമാത്രമാ
മാമുനിശ്രേഷ്ഠന്മാർ പിച്ചതെണ്ടി.
അന്നൊരു തത്തയുംകൂടിയൊരദ്ഭുത
ബ്രാഹ്മാണ്ഡഗീതമെടുത്തു പാടി.
ആയതിൻ മാറ്റൊലിയല്ലല്ലീ നമ്മളിൽ
പായുന്നതോരോഞെരമ്പുതോറും?
എന്നിട്ടും, കഷ്ടം ,പരിഷ്കാരഭാവത്തിൽ
നിന്ദിക്കയാണതു നമ്മളിന്നും!!
* * *
കാലദേശാദിയറ്റുണ്ടെല്ലാറ്റിന്നു,മൊ
രാലംബകേന്ദ്രമാം ശക്തിയേതോ!
സത്യമതല്ലെങ്കില്ലർക്കനൊരിക്കലൊ
ന്നുത്തരദിക്കിലുദിച്ചുകൂടേ?
കാണാത്തതൊക്കെക്കളവല്ല, കണ്മുൻപിൽ
കാണുന്നതെല്ലാം ശരിയുമല്ല.
കൽപാവതന്മുമ്പിൽ കൈകൂപ്പി നിൽക്കുവാ
നുൽബോധിപ്പിക്കുവോനല്ലയീ ഞാൻ.
നിന്ദ്യ പുരോഹിതൻ നിർമ്മിക്കും ദൈവത്തെ
വന്ദിക്കാനല്ലെൻ നവോപദേശം.
ഏതൊ നിരഘനിയമപരിധിയി
ലേകാന്തയാത്ര തുടരുവോർ നാം
നശ്വരജീവികൾ നമ്മൾക്കതീതമായ്
വിശ്വത്തിലുണ്ടൊരു നിത്യസത്യം.
ആ നിരഘാത്മീയ ശക്തിതന്മുന്നിലി
ന്നാനതമൗലികളാക നമ്മൾ!!
ഏതോവെളിച്ചത്തിലെന്തിനോവേണ്ടി വ
ന്നാവിർഭവിക്കും നിഴലുകൾ നാം
നമ്മൾക്കെഴും മാംസദൃഷ്ടികൾക്കപ്പുറം
ചിന്മയജ്യോതിസ്സൊന്നുജ്വലിപ്പു.
ആ നിത്യസത്യത്തിൻ മുന്നിലാത്താദര
മാനതമൗലികളാക നമ്മൾ!!
ആ നിർമ്മലാത്മീയജ്യോതിസ്സിന്മുന്നിലി
ന്നഞ്ജലിബദ്ധന്മാരാക നമ്മൾ!!
എന്തിനണഞ്ഞു നാ,മെന്തിനു മാഞ്ഞു നാ,
മെന്തിനീ ലോകത്തിലൊത്തുകൂടി?
എങ്ങുനിന്നീവിധമിങ്ങു വന്നെത്തിനാ
മെങ്ങോട്ടു പോകയാണെങ്ങു ചെല്ലും?
അജ്ഞാതം! അജ്ഞാതം! അയ്യോ! ജഗത്തിതി
നുത്തരമെന്നിനിച്ചൊല്ലുമാവോ!!
Manglish Transcribe ↓
Changampuzha krushnapilla=>▲ paraajayam baashpaanjjali
samsaarachakratthiricchilil themaanam
sambhaviccheedaattha saurayootham;
chethasamaakarshakangalaayu minnidum
jyothimmaryangalaam gaalajaalam;
aadiyumanthavumillaathapaaramaa
yaavirbhavikkumoranthareeksham;
ithramelathbhuthamonnikkum brahmaanda
methra sahasrangalundiniyum! Kodaanukodikalaayavayethoru
vaadaavilakkinsphulimgakangal? Innatthe shaasthrattheppolum podunnane
sambhramippicchorajnjaathasathyam
ethra pareekshanapaadavamkondumo
retthumpidiyum labhicchidaathe,
martthyaneppertthum dayaneeyasamshaya
gasthanaayu maattum mahaarahasyam
etha,thin nithyaprakaashasaritthilen
chethane, chennu layikkukanee! Aayathin saundaryabodhalahariyi
laanandagaanamuthirkkuka nee! Enthuparaajaya,menthu dayaneeyam! Bandhithamayyo, purogamanam!
"sambhavyathathanthirakalil" ninnottum
munpottu pokaattha shaasthrame, nee,
vishvam jayicchennabhimaanakaahala
mithrayum kaalam muzhakkiyille;
onninumottumvazhangaathe paanjathaam
ninnahankaaraminnengu poyi? Saathapaminnu nee thookumiggathgadam
bhaaratham pande pozhicchathalle? Annathukettittavaganicchenthino
munnottunee, haa, kuthicchu paanju. Innathunannaayarinjukazhinja nee
ninnithaa pinneyum sambhramippoo. Thatthvachinthaabdhithan thaazhatthetthattilni
nnutthamarathnangal vaari, vaari,
annaappithaamahar thannirunnillenki
linnayyo, pattinithanne nammal! Maanasatthinre vishappinumaathramaa
maamunishreshdtanmaar picchathendi. Annoru thatthayumkoodiyoradbhutha
braahmaandageethamedutthu paadi. Aayathin maattoliyallallee nammalil
paayunnathoronjeramputhorum? Ennittum, kashdam ,parishkaarabhaavatthil
nindikkayaanathu nammalinnum!!
* * *
kaaladeshaadiyattundellaattinnu,mo
raalambakendramaam shakthiyetho! Sathyamathallenkillarkkanorikkalo
nnuttharadikkiludicchukoode? Kaanaatthathokkekkalavalla, kanmunpil
kaanunnathellaam shariyumalla. Kalpaavathanmumpil kykooppi nilkkuvaa
nulbodhippikkuvonallayee njaan. Nindya purohithan nirmmikkum dyvatthe
vandikkaanallen navopadesham. Etho niraghaniyamaparidhiyi
lekaanthayaathra thudaruvor naam
nashvarajeevikal nammalkkatheethamaayu
vishvatthilundoru nithyasathyam. Aa niraghaathmeeya shakthithanmunnili
nnaanathamaulikalaaka nammal!! Ethovelicchatthilenthinovendi va
nnaavirbhavikkum nizhalukal naam
nammalkkezhum maamsadrushdikalkkappuram
chinmayajyothisonnujvalippu. Aa nithyasathyatthin munnilaatthaadara
maanathamaulikalaaka nammal!! Aa nirmmalaathmeeyajyothisinmunnili
nnanjjalibaddhanmaaraaka nammal!! Enthinananju naa,menthinu maanju naa,
menthinee lokatthilotthukoodi? Enguninneevidhamingu vannetthinaa
mengottu pokayaanengu chellum? Ajnjaatham! Ajnjaatham! Ayyo! Jagatthithi
nuttharamenninicchollumaavo!!