▲ പരിതൃപ്തി ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പരിതൃപ്തി ബാഷ്പാഞ്ജലി
കനകകോമളതരളതാരകാ
കലികകൾ വാനിൽവിരിയവെ,
വികലഭാഗ്യഞാൻ, ഹൃദയനാഥ, നിൻ
പ്രണയമാശിച്ചുകരയുന്നു.
ഇനിയും മുന്നേപ്പോൽ കഴിയും ഹേമന്ത
നിശകളോരോന്നും വിഫലമായ്.
മിഴിനീരാലൊന്നും വളരുമെന്നാശാ
ലതികയ്ക്കില്ലൊരു മധുമാസം.
ശരി; യെന്നാലും തെല്ലരുതല്ലോ, നാഥാ,
പിഴുതതു ദൂരെക്കളയാൻ മേ!
ശശിലേഖ മന്ദഹസിത ചന്ദ്രിക
വിതറി വിണ്ണിങ്കൽ വിലസുമ്പോൾ,
ഗളിതബാഷ്പത്തിൻ കണികകളാലി
പ്രണയലേഖനം നനയുമ്പോൾ
നുകരുന്നുണ്ടു ഞാനകളങ്കാത്മാവി
ലനുരാഗത്തിന്റെ മകരന്ദം!
ഇനിയും, ജീവേശാ, വരുവാനെന്തെനി
ക്കിതിലും മീതെയായൊരുഭാഗ്യം?
പ്രണയശൂന്യമാം ഹസിതത്തേക്കാളും
മഹിതം രാഗത്തിൻ ചുടുബാഷ്പം!
അമരലോകത്തേയ്ക്കുയരുവാനെനി
ക്കനഘമിക്കണ്ണീർ മതിയല്ലോ!
* * *
അഭിലഷിപ്പൂ ഞാനിതുമാത്രം: നിത്യം
തകരാവു ചിത്തം പ്രപഞ്ചത്താൽ!!
Manglish Transcribe ↓
Changampuzha krushnapilla=>▲ parithrupthi baashpaanjjali
kanakakomalatharalathaarakaa
kalikakal vaanilviriyave,
vikalabhaagyanjaan, hrudayanaatha, nin
pranayamaashicchukarayunnu. Iniyum munneppol kazhiyum hemantha
nishakaloronnum viphalamaayu. Mizhineeraalonnum valarumennaashaa
lathikaykkilloru madhumaasam. Shari; yennaalum thellaruthallo, naathaa,
pizhuthathu doorekkalayaan me! Shashilekha mandahasitha chandrika
vithari vinninkal vilasumpol,
galithabaashpatthin kanikakalaali
pranayalekhanam nanayumpol
nukarunnundu njaanakalankaathmaavi
lanuraagatthinte makarandam! Iniyum, jeeveshaa, varuvaanentheni
kkithilum meetheyaayorubhaagyam? Pranayashoonyamaam hasithatthekkaalum
mahitham raagatthin chudubaashpam! Amaralokattheykkuyaruvaaneni
kkanaghamikkanneer mathiyallo!
* * *
abhilashippoo njaanithumaathram: nithyam
thakaraavu chittham prapanchatthaal!!