▲ പാരവശ്യം ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ പാരവശ്യം ബാഷ്പാഞ്ജലി
മധുരചിന്തകളിളകും സങ്കൽപ
മധുവിധുകാലരജനികൾ,
ഹൃദയനാളത്തെത്തഴുകി, മന്ദമെൻ
വിജനശയ്യയിലണയവെ;
ഉദിതതാരകളിരുളിലെമ്പാടു
മമൃതധോരണിചൊരിയവേ;
ഇനിയും പൂങ്കുയിൽ മുഴുവനാക്കാത്ത
പ്രണയഗാനത്തിൻശകലങ്ങൾ
പലതു, മയ്യയ്യോ, ശിഥിലമായൊരീ
മുരളിയിൽവന്നു നിറയുന്നു.
ഫലമെന്തെന്നാലു,മൊരുരാഗം പോലും
പൊഴിയുവാനതിനരുതല്ലോ.
കഴിയണമോരോ ദിനവുമെണ്ണി ഞാ
നിതുവിധം ഘോരകദനത്തിൽ!
* * *
പുലരിപ്പൊന്നിളവെയിലുലകിനെ
പ്പുളകപ്പൂമ്പട്ടിൽ പൊതിയവെ;
സുഖദശീകരമിളിതശീതള
സുരഭിലാനിലനിളകവെ;
മൃദുലനിദ്രതന്മടിയിൽനിന്നുമെൻ
വ്രണിതമാം ജീവനുണരവെ;
അവളെ,കഷ്ട ,മെന്നരികിൽ കാണാതെൻ
ഹൃദയം നൊന്തു ഞാൻ കരയുന്നു.
ഒരുകിനാവിലെ ക്ഷണികസല്ലാപ
സ്മരണമാത്രമുണ്ടിനിയെന്നിൽ
പരിധിയില്ലാത്ത പരമശൂന്യത
യ്ക്കിടയിലുള്ളോരോ ചുഴികളിൽ,
ഇരുളും ഞാനുമായ് തഴുകിയന്യോന്യ
മിനിയുമെത്ര നാൾ കഴിയണം?
ഹൃദയസങ്കൽപവിപുലസീമയ്ക്കു
മകലെയുള്ളേതോ വനികയിൽ,
ഭജനലോലയായ് കഴികയാണവൾ
പ്രണയലേഖമൊന്നെഴുതുവാൻ.
വിരഹചിന്തയാൽ വിവശനായൊരെൻ
വിവിധസന്തപ്തസ്മരണകൾ,
ചിറകടിച്ചടിച്ചമരസാമ്രാജ്യ
പരിധിയും കടന്നുയരിലും,
അവളെന്നെധ്യാനിച്ചമരും ചന്ദന
ത്തണലിലെന്നിനിയണയും ഞാൻ!
കനകനക്ഷത്രപ്പൊടിവിതറിയ
ഗഗനവീഥിയിൽമുഴുവനും,
ഒരു മനോഹരമണിമേഘത്തേരി
ലവളെ നോക്കി ഞാൻ പലദിനം,
വഴിചോദിക്കുവാനൊരുവനില്ലാതാ
വിജനതയിലൊട്ടുഴറിനേൻ.
ഒരുകാലത്തിനിയവളോടിക്കഥ
പരിഭവമായിപ്പറയും ഞാൻ!
* * *
മൃദുലചുംബനസുലഭമായൊര
ക്കുസുമശയ്യയിലൊരുനാളിൽ,
നറുനിലാവിങ്കലിരുവർ ഞങ്ങളൊ
ത്തവികലാനന്ദഭരിതരായ്
അമിതരാഗാർദ്രസരസസല്ലാപ
കുതുകികളായിമരുവുകിൽ,
വെറുമസൂയയാ,ലൊരു പക്ഷേ, ലോകം
പഴുതേചൊന്നേയ്ക്കാം പരിഭവ!
പ്രണയസുന്ദരകലഹകല്ലോല
ച്ചുരുളിൽഞങ്ങളന്നുരുളുമ്പോൾ,
കൊതിയാകും മന്നിനൊരു കൊച്ചോമന
മുരളിയായ്മേലിൽകഴിയുവാൻ.
കവനമോഹിനിയവളെന്നെയൊരു
പുളകമായ് മാറ്റും നിമിഷത്തിൽ,
അറിയും ഞാ, നോരോ കുയിലുമന്നോളം
ചൊരിയും ഗീതത്തിൻ പൊരുളുകൾ.
സതതമെൻ മനം തകരു, മാ രമ്യ
സുദിനമെന്മുന്നിലണവോളം!!
Manglish Transcribe ↓
Changampuzha krushnapilla=>▲ paaravashyam baashpaanjjali
madhurachinthakalilakum sankalpa
madhuvidhukaalarajanikal,
hrudayanaalatthetthazhuki, mandamen
vijanashayyayilanayave;
udithathaarakalirulilempaadu
mamruthadhoranichoriyave;
iniyum poonkuyil muzhuvanaakkaattha
pranayagaanatthinshakalangal
palathu, mayyayyo, shithilamaayoree
muraliyilvannu nirayunnu. Phalamenthennaalu,moruraagam polum
pozhiyuvaanathinaruthallo. Kazhiyanamoro dinavumenni njaa
nithuvidham ghorakadanatthil!
* * *
pularipponnilaveyilulakine
ppulakappoompattil pothiyave;
sukhadasheekaramilithasheethala
surabhilaanilanilakave;
mrudulanidrathanmadiyilninnumen
vranithamaam jeevanunarave;
avale,kashda ,mennarikil kaanaathen
hrudayam nonthu njaan karayunnu. Orukinaavile kshanikasallaapa
smaranamaathramundiniyennil
paridhiyillaattha paramashoonyatha
ykkidayilulloro chuzhikalil,
irulum njaanumaayu thazhukiyanyonya
miniyumethra naal kazhiyanam? Hrudayasankalpavipulaseemaykku
makaleyulletho vanikayil,
bhajanalolayaayu kazhikayaanaval
pranayalekhamonnezhuthuvaan. Virahachinthayaal vivashanaayoren
vividhasanthapthasmaranakal,
chirakadicchadicchamarasaamraajya
paridhiyum kadannuyarilum,
avalennedhyaanicchamarum chandana
tthanalilenniniyanayum njaan! Kanakanakshathrappodivithariya
gaganaveethiyilmuzhuvanum,
oru manoharamanimeghattheri
lavale nokki njaan paladinam,
vazhichodikkuvaanoruvanillaathaa
vijanathayilottuzharinen. Orukaalatthiniyavalodikkatha
paribhavamaayipparayum njaan!
* * *
mrudulachumbanasulabhamaayora
kkusumashayyayilorunaalil,
narunilaavinkaliruvar njangalo
tthavikalaanandabharitharaayu
amitharaagaardrasarasasallaapa
kuthukikalaayimaruvukil,
verumasooyayaa,loru pakshe, lokam
pazhuthechonneykkaam paribhava! Pranayasundarakalahakallola
cchurulilnjangalannurulumpol,
kothiyaakum manninoru kocchomana
muraliyaaymelilkazhiyuvaan. Kavanamohiniyavalenneyoru
pulakamaayu maattum nimishatthil,
ariyum njaa, noro kuyilumannolam
choriyum geethatthin porulukal. Sathathamen manam thakaru, maa ramya
sudinamenmunnilanavolam!!