▲ വത്സല
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ വത്സല
അപ്പുഴവക്കിലെക്കായ്കനിത്തോപ്പിലൊ
രപ്സരകന്യയെക്കാണാം,
പൊന്നുഷസ്സന്ധ്യയുമന്തിയും ചെങ്കതിർ
ചിന്നിച്ചിരിക്കുമ്പോഴെന്നും;
നിഷ്കളങ്കത്വമുടലെടുത്തങ്ങനെ
നിൽക്കുന്ന വിസ്മയം പോലെ!
സത്സ്വഭാവത്തിനന്നാ നാട്ടിലൊട്ടുക്കു
'വത്സല'യെന്നാണു നാമം!
അന്വഹാരാധനയ്ക്കങ്കമൊരുക്കുമ
ക്കന്യകാജീവിതക്ഷേത്രം,
പാവനചിന്തതൻ തീർത്ഥാടനങ്ങൾക്കു
പാരിജാതത്തണലായി!
പ്രത്യഹശാന്തിയും, കാന്തിയും, കൈകോർത്തു
നൃത്തം നടത്തുമാ നാട്ടിൽ
ശാലീനതയ്ക്കൊരു മുദ്രപോ, ലാ മുഗ്ധ
ബാലികയങ്ങനെ മിന്നി!....
ചാരത്തു, ചാരത്തു, കാണാതടിവെച്ചു
താരുണ്യമാമന്ദമെത്തി,
പൊട്ടിച്ചിരിച്ചുകൊണ്ടപ്പൂവുടലൊന്നു
കെട്ടിപ്പിടിച്ചപ്പൊഴേയ്ക്കും,
ഞെട്ടി, ക്കുതറിയകന്നു, പരിഭവ
പ്പെട്ടു, ലജ്ജിച്ചതുപോലെ,
ആ വനകോരകം പാതിവിടർന്നു നി
ന്നാമോദധാമമായ് മിന്നി!
മാറത്തുതാമരമൊട്ടിട്ട യൗവന
മായിമഹേന്ദ്രജാലം,
തൽക്കലാപൂർത്തിതൻ വൈജയന്തിക്കൊരു
പൊൽക്കസവിട്ടതുപോലെ,
ഉത്സാഹലോലയാ വത്സലബാലയൊ
രുത്സവദായിനിയായി!
പല്ലവീതങ്ങളാം വല്ലികളോടവൾ
സല്ലപിക്കുന്നതുകാണാം.
ചെല്ലസഖികളായ് നിൽക്കുന്നൊരുർവ്വശി
മുല്ലകൾ പൂക്കുന്നകാലം,
ഓണമാ, ണാവശ്യമില്ലവൾക്കന്നൊട്ടു
മൂണുമുറക്കവും പോലും!
നോവുതട്ടീടിലോ തോഴിമാ,ർക്കോമലാൾ
പൂവറുത്തീടുകില്ലൊന്നും!
ബാലതൻ മുഗ്ധകലാസ്വാദനത്തിന്‍റെ
വേലിയേറ്റത്തിൻപുളപ്പിൽ,
സുന്ദരമക്കനിത്തോപ്പൊരു നൂതന
നന്ദനാരാമമായ് മാറി!
അത്തൊടിതൻ പടിവാതിലിൽ പൂക്കാല
മെത്തി, മുട്ടീടുമ്പൊഴേക്കും,
ശ്രീലമഗാമം മുഴുവനും സൗരഭ
ച്ചോലയിൽ മുങ്ങുകയായി!
കൊച്ചരിപ്രാക്കളു, മക്കിളിവാതിലിൽ,
പച്ചക്കിളികളുമെത്തും.
കൈത്താമരത്തണ്ടിൽ നെന്മണിയോരോന്നു
കൊത്തിക്കൊറിച്ചങ്ങിരിക്കും.
തത്തകൾ മുറ്റത്തു മാതളത്തൈകളിൽ
തത്തിപ്പറന്നു കളിക്കും.
പൂവുടലാളിൻ തുടയിൽ തലചായ്ച്ചു,
'പോവില്ല ഞാ'നെന്ന മട്ടിൽ,
ഞാവൽപ്പഴവും കരണ്ടുകൊണ്ടങ്ങനെ
പൂവാലനണ്ണാനിരിക്കും
ആ മെയ്യുരുമ്മിത്തലയുയർത്തിക്കൊണ്ടൊ
രോമനപ്പേടമാൻ നിൽക്കും!
അച്ഛനൊ,ത്തേവ,മപ്പുൽക്കുടിലിങ്കല
ക്കൊച്ചുശകുന്തള മിന്നി!!....
ദ്വിതീയ വീചിക
ആരുമറിഞ്ഞിടാതന്നൊരു 'ദുഷ്ഷന്ത'
നാരോമലാളിൻ ഗൃഹത്തിലെത്തി.
മധ്യാഹ്നത്തീവെയ്ലിലാ മംഗളാംഗനാ
മദ്ധ്വഗൻ വാടിത്തളർന്നിരുന്നു.
ക്ഷീണവും തീവെയ്ലുമൊന്നിച്ചു നെറ്റിയിൽ
മാണിക്യക്കല്ലു നിരത്തിവയ്ക്കെ,
ദാഹ,മവനുടെ തൊണ്ടയ്ക്കകത്തെന്തോ
സാഹസംചെയ്യാൻ തുനിഞ്ഞിരുന്നു.
എങ്കിലു, മേതോ കുലീനതാദീപ്തിത
ന്നങ്കുരരശ്മികളാ മുഖത്തിൽ,
"ആദരിച്ചീടേണമെന്നേ' യെന്നുള്ളൊരു
വാദം സമർത്ഥിച്ചു നിന്നിരുന്നു.
ആ മുഖഭാവമതന്യർക്കുപോലു,മൊ
രാദരാവേശകമായിരുന്നു!
സ്വച്ഛജലാർത്ഥിയായ് മുറ്റത്തണഞ്ഞൊരാ
പ്രച്ഛന്നകാമനെക്കണ്ടനേരം,
സംഭൂതമായിതവൾക്കൊരു നേരിയ
സങ്കോചസംഭ്രമപാരവശ്യം.
ഏകയാണോമലാ, ളച്ഛനില്ലാതിത്ഥ്യ
മേകുവാ,നെ,ങ്ങനെ മാറിനിൽക്കും?
അദ്ധ്വഗനാഗത,നർദ്ധവചോദ്ഗത
നർത്ഥിതസ്വാഗത,നദ്ഭുതാംഗൻ!
എങ്ങനെയെന്തിനിച്ചെയ്യണം, ചൊല്ലണം?
എങ്ങനെ കാണാത്തമട്ടുകാട്ടും?
ഏകനിമേഷം പരുങ്ങലിൽപ്പെട്ടവ
ളേതുമോർക്കാതെ പകച്ചുനിൽപായ്
പിന്നത്തെ മാത്രയിൽ സ്ത്രീസഹജോചിത
കർമ്മവൈദഗ്ദ്ധ്യത്തിൻ കന്ദളികൾ
മിന്നിക്കിളർന്നിതവളുടെ ചേതനാ
മണ്ഡലത്തിന്‍റെ വിശാലതയിൽ!
നാണം വിലക്കിലും പുല്ലുപായൊന്നെടു
ത്തേണാക്ഷി തിണ്ണയിൽ സജ്ജമാക്കി.
ആഗതനാദരപൂർവകം സസ്മിതം
സ്വാഗതമോതിനാൾ മോഹനാംഗി.
ആകമ്രകാന്തി വഴിഞ്ഞു വിളങ്ങും തൻ
കായ്കനിത്തോട്ടത്തിലോടിയെത്തി,
നാരകക്കൊമ്പിലെ സ്വർണ്ണഗാളത്തിലൊ
ന്നാരാൽപ്പറിച്ചെടുത്താത്തവേഗം,
ഞെക്കിപ്പിഴിഞ്ഞതു നീരിൽക്കലർത്തി,ത്ത
ന്നുൾക്കാമ്പുപോലെ മധുരമാക്കി,
അജ്ഞാതനാകുമതിഥിതൻ മുന്നിൽ വെ
ച്ചദ്ഭുതഗാത്രിയൊതുങ്ങിനിന്നു!
ആ മധുരാമൃതപാനീയപാനവു
മാ മംഗളാകാരദർശനവും,
ഓതാവതല്ലാത്തൊരാനന്ദനിർവൃതി
ചേതസ്സിലർപ്പിച്ചിതപ്പുമാനിൽ!
തിങ്ങിത്തുളുമ്പും കൃതജ്ഞതകാരണം
ഭംഗിയിരട്ടിച്ച കൺമുനയാൽ,
തൂണിന്‍റെ പിന്നിൽ മറഞ്ഞുനിന്നങ്ങനെ
നാണംകുണുങ്ങുമാ മിന്നലിനെ,
ഓമനിച്ചോമനിച്ചോമൽപ്പുളകത്തിൻ
പൂമാല ചാർത്തിച്ചൂ പുഷ്പബാണൻ!
പൊന്നുടലാർന്നൊരാ പ്രേമഗാനത്തിന്‍റെ
മുന്നിലവൻ കണ്ട ദേവലോകം
ആയിരമായിരമജ്ഞാതസ്വപ്നങ്ങൾ
ചായംപിടിപ്പിച്ചതായിരുന്നു!
ആയിരമായിരം സൽക്കാരശാലയി
ലാകർഷണങ്ങൾതൻ വീചികളിൽ,
നീന്തിത്തളർന്നു പരിചയിച്ചുള്ളതൻ
സ്വാന്തമിച്ചിന്തയ്ക്കധീനമായി:
'ചൂടിൻ തളർച്ച സഹിക്കാ, മിക്കൺമുന
യോടു ഞാനെമ്മട്ടെതിർത്തുനിൽക്കും?
സാമാന്യയല്ലിവ, ളാസ്വദിച്ചെങ്കിലീ
ഗാമീണപുഷ്പത്തിൻ തൂമരന്തം!
തൽക്കാല,മാദ്യത്തെ ദർശനംപോലുമി
സ്സൽക്കാരംകൊണ്ടു നിറംപിടിക്കേ,
ആശയ്ക്കു മാർഗ്ഗം യഥേഷ്ടമു,ണ്ടൗദാര്യ
രാശിയായ് ഞാനുമഭിനയിക്കിൽ! ...."
ആ നിഷ്കളങ്കയാം ഗാമീണബാലയു
മാനന്ദസ്തബ്ധയായ് നിന്നുപോയി.
എന്തെന്നറിയാത്തോരേതോ മിന്നൽപ്പിണ
രന്തരംഗത്തിലുയർന്നുപൊങ്ങി,
ഓരോസിരയിലുമൊറ്റഞൊടിക്കുള്ളി
ലോളമിളക്കിപ്പുളഞ്ഞൊഴുകി,
ഏതോ വിദൂരമാം ശൂന്യതാസിന്ധുവി
ലാപതിക്കുമ്പോലവൾക്കു തോന്നി!
സങ്കൽപം നിർമ്മിച്ചോരാമേഖലയിലെ
ത്തങ്കക്കതിർതോറുമൂയലാടി,
ഓമലിൻ ചേതനയോരോരോ ഗന്ധർവ്വ
ഭൂമി പിന്നിട്ടു കടന്നുപോയി.
എല്ലാം വെളിച്ചവുമെല്ലാം സുഗന്ധവു
മെല്ലാം പുളകവുമായിരുന്നു.
ആകൽപകാലം ഹാ, നീണ്ടുനീണ്ടങ്ങനെ
പോകിലാ സ്വർഗ്ഗീയസന്മുഹൂർത്തം! . . .
ഏകാന്തതയുടെ വീണയിലാമട്ടു
മൂകതകൊണ്ടവർ പാട്ടുപാടി!!
തൃതീയ വീചിക
ചെണ്ടണിഞ്ഞു ചിരിച്ചു പിന്നെയും
രണ്ടുവട്ടമത്തോപ്പുകൾ,
ഫുല്ലയൗവനാശ്ലേഷിതാംഗിയാ
യുല്ലസിക്കയാണിന്നവൾ,
ആ വനപുഷ്പം വാരിവീശിയ
ലാവണ്യത്തിൻ പരിമളം
ആനയിച്ചു വിദൂരതയിൽനി
ന്നായിരം ശലഭങ്ങളെ,
വന്നപോൽ, കഷ്ടം, പിന്മടങ്ങിപ്പോ,
യൊന്നുപോലവയൊക്കെയും!
സന്തതം രാഗചിന്തയിൽ മനം
നൊന്തുനൊന്തു വിവശയായ്,
കണ്ണുനീരിൽക്കഴിച്ചു നാളുകൾ
കൺമണി മാത്രമെന്തിനോ!
ആരുമാരുമറിഞ്ഞതി,ല്ലവ
ളാരാധിക്കുമദ്ദേവനെ.
പുത്രിയെപ്പരിണീതയാക്കുവാ
നുദ്യമിച്ചൊരത്താതനോ,
ക്ഷീണചേതനനായവസാനം
വീണടിഞ്ഞു നിരാശയിൽ! ...
സദ്രസം വീണ്ടുമാ മലനാട്ടി
ലെത്തിയാപുഷ്പസായകൻ;
ഉൽക്കടഗീഷ്മസ്സുഖവാസ
ദിക്കിൽവാണുകഴിയ്ക്കുവാൻ.
പ്രത്യഹം ഭജിച്ചിഷ്ടദൈവതം
പ്രത്യക്ഷപ്പെട്ട മാത്രയിൽ,
വേനലിൽ മഴയേറ്റ മുല്ലപോ
ലാനന്ദിച്ചൂ വിലാസിനി.
രണ്ടുനാൾകൊണ്ടപ്പൂർവ്വസൗഭഗം
ചെണ്ടണിഞ്ഞിതാ മേനിയിൽ!...
ആത്തമോദമിരുന്നിടുമവ
നാറ്റുവക്കിൽ വന്നന്തിയിൽ.
തെല്ലകലെത്തൻ കായ്കനിത്തോപ്പി
ലുല്ലസിക്കുമാ മോഹിനി.
മൺമുനകളാൽ സല്ലപിച്ചുകൊ
ണ്ടങ്ങുമിങ്ങുമിരുന്നവർ,
സ്വപ്നമോരോന്നു കാണു, മാ രംഗം
സ്വർഗ്ഗവേദിയായ് മാറിടും!
ഉണ്ടവർക്കേറ്റമാഗഹമൊന്നു
മിണ്ടുവാൻ തമ്മി, ലെങ്കിലും,
ഒത്ത,തില്ലത്തൊടിക്കകത്തെന്നു
മച്ഛനും കാണുമന്തിയിൽ!
എന്നിരിക്കിലും, മൂകസന്ദേശ
മൊന്നുരണ്ടല്ലൊരായിരം,
കൈവിരൽകളാൽ, കൺമുനകളൽ,
കൈമാറുമവർ തങ്ങളിൽ,
ഓരോരോ ദിനമാവിധമൊരു
ചാരുസൗരഭധാരയിൽ
മുക്കിമുക്കിക്കഴിച്ചുകൂട്ടിനാ
രുൾക്കുതുകമോടന്നവർ!
കാതരേ, വെറും പാഴ്കിനാവിൽ നിൻ
കാലമിങ്ങനെ പോകിലോ? . . .
ചതുർത്ഥ വീചിക
"ഇനിയേഴുനാളേക്കു ഞാനിവിടെ
ത്തനിയെയാ, ണദ്ദേഹമെത്തിയെങ്കിൽ!
വരികയില്ലച്ഛനൊരാഴ്ചയോളം
കഴിയാ,തിതെന്തു സുവർണ്ണഘട്ടം!
ഒരുപക്ഷേ, കാര്യം മനസ്സിലായാൽ
വരുമായിരിക്കുമാക്കോമളാംഗൻ!
അറിയിപ്പതെങ്ങനെ? വല്ലപാടു
മറിയിച്ചാ,ലിന്നെന്നോടെന്തുതോന്നും?
ഒരുവാക്കു മിണ്ടുവാൻ പോലു, മൊന്നു
തരമായിട്ടില്ലെനിക്കിത്രനാളും.
മദനോപമാംഗനു വേണമെങ്കിൽ
മമ ജീവൻപോലും ഞാനേകുമല്ലോ!! ...
"പരിചിലദ്ദേഹത്തിനെൻ പ്രണയ
ചരിതമിതൊട്ടുമറിഞ്ഞുകൂടേ?
മഹിയിലിന്നോളം ഞാനെത്രയെത്ര
മനുജരെ,ക്കഷ്ടം, ഹതാശരാക്കി!
അവശഞാനിന്നിസ്സഹിപ്പതെല്ലാ
മവരുടെ ശാപങ്ങളായിരിക്കാം!
അനുപമാകാര, മൽപ്രാണനാള
മനുബന്ധിപ്പിച്ചു ഭവാനൊടീ ഞാൻ
തവ പാദദാസിയാമെന്നെയോർത്ത
ത്തരളഹൃദയം തുടിപ്പതില്ലേ?
അവിടുന്നെൻ സങ്കൽപവിഗഹത്തെ
യരികിൽച്ചേർത്താശ്ലേഷം ചെയ്വതില്ലേ?....
"മിഴിയടച്ചാൽ ഭവാനെന്നരികി
ലഴകിൽക്കുളിച്ചു വന്നെത്തുമല്ലോ!
അവിടുത്തെ സ്വപ്നങ്ങളാകമാന
മതുപോലെൻ സാന്നിധ്യസാന്ദ്രമല്ലേ?
ഒരുദിനം രാഗവിവശനായെ
ന്നരികിലെങ്ങാൻ ഭവാൻ വന്നുചേർന്നാൽ,
ഹൃദയാധിനാഥ, നിൻ മുന്നിൽ ഞാനെൻ
ഹൃദയം മലർക്കെത്തുറന്നുകാട്ടും.
അതിലെപ്രണയത്തിൻ ദർശനത്തി
ലവിടുന്നതിശയപ്പെട്ടുപോകും.
പരിചി,'ലെന്നോമനേ'യെന്നു ചൊല്ലി
ക്കരയുഗമങ്ങെന്‍റെ നേർക്കുനീട്ടും.
അവിടുത്തെക്കെട്ടിപ്പിടിച്ചു, ഞാന
സ്സുവിമലവിസ്തൃതമാർത്തടത്തിൽ
തലചായ്ച്ചു തേങ്ങിക്കരയു,മപ്പോൾ
പല സാന്ത്വനങ്ങൾ ഭവാനരുളും.
അതുകേട്ടു ഞാനക്കവിൾത്തടത്തിൽ
മതിമറന്നായിരമുമ്മവെയ്ക്കും!
പുരുമോദാലെന്നെത്തലോടി,യങ്ങു
പുളകംപുരട്ടുമെൻ പൂവൽമെയ്യിൽ!
'പറയുകെൻ വത്സലേ, നിന്നെയീ ഞാൻ
പരിണയിക്കുന്നതു സമ്മതമോ?'
അവിടുന്നു ചോദിക്കുമെന്നോടേവ
മതു കേട്ടു ലജ്ജയിൽ ഞാനലിയും.
വിവരണാതീതമാം മോദവായ്പിൽ
വിറകൊണ്ടു നിൽക്കുമെൻ ചിത്തപുഷ്പം!
'ശരിതന്നെ, യച്ഛനും സമ്മതിക്കിൽ'
പരിചിൽ ഞാൻ പുഞ്ചിരിയിട്ടുചൊല്ലും.
'അതിനെന്തു വൈഷമ്യ' മെന്നു ചൊന്നെ
ന്നധരത്തിലങ്ങൊരു മുദ്രചാർത്തും.
മൃദുകരബന്ധനത്തിങ്കൽനിന്നും
കുതറിപ്പിടഞ്ഞു ഞാൻ മാറിനിൽക്കും!....!
"അവിടുന്നെന്നച്ഛൻ മടങ്ങിവന്നാ
ലഭിമതമൊക്കെത്തുറന്നരുളും.
അവിചാരിതാനന്ദസാഗരത്തി
ലവശനായച്ഛൻ കുഴഞ്ഞുവീഴും.
അനുരാഗലോലരാം നമ്മെയച്ഛ
നനുയോജിപ്പിച്ചന്നനുഗഹിക്കും!
തവ സഹധർമ്മിണിയായി ഞാനീ
യവനിയിൽത്തൃപ്തയായുല്ലസിക്കും!
ഉടലുമെൻ പ്രാണനും ത്വൽപദത്തി
ലടിയറവച്ചുഞാനാത്തരാഗം,
തവ ഭക്തദാസിയായ് മേവി, നിത്യ
മവിരളശാന്തി സമാസ്വദിക്കും!
അവിടുന്നു വീണ്ടും ജനിച്ചപോ,ലൊ
രരുമപ്പൂമ്പൈതലിന്നമ്മയായ്, ഞാൻ..."
ഒരുകാലടിയോച്ച കേട്ടു ഞെട്ടി
ത്തരളാക്ഷിയൊന്നു തിരിഞ്ഞുനോക്കി.
പടികടന്നെത്തുന്നു സാന്ധ്യദീപ്തി
യുടലിലണിഞ്ഞുകൊണ്ടാ മദനൻ!
അവൾ പിടഞ്ഞേറ്റു...മുന്നോട്ടു നീങ്ങാ
നരുതി,തെന്തുന്മാദപാരവശ്യം!!
അതുവെറും സ്വപ്നമോ, മായയോ? ഹാ!
മതിമറന്നോമലാൾ നിന്നുപോയി!!
പഞ്ചമ വീചിക
ആയിരം മിന്നലൊരുമിച്ചു ഹൃത്തട്ടി
ലാളിപ്പടർന്നു കുഴങ്ങുമത്തയ്യലാൾ,
ആഗതനായൊരതിഥിയെസ്സസ്മിതം
സ്വാഗതം ചെയ്തുവിടർന്ന മിഴികളാൽ
തിങ്ങിത്തുളുമ്പിയൊരോമന്മുരളികാ
സംഗീതമാ മുഗ്ദ്ധചിത്തത്തിലൊക്കെയും!....
കുന്നിന്‍റെ പിന്നിൽ മറഞ്ഞുനിന്നങ്ങനെ
മന്ദഹസിച്ചു മനോജ്ഞസായന്തനം!
വെള്ളിനക്ഷത്രം കിളർന്നൂ പടിഞ്ഞാറു
ഫുല്ലാനുരാഗപ്രതീക്ഷപോലങ്ങനെ!
മന്നിലുലഞ്ഞൂർന്നുവീണുതുടങ്ങി,യാ
വിണ്ണിങ്കൽനിന്നുമിരുൾത്തിരശ്ശീലകൾ!
പ്രേമപ്രസന്നമാം നർമ്മസല്ലാപത്തി
ലാമഗ്നരായിക്കഴിയുകയാണവർ!!...
മിന്നിയില്ലന്തിത്തിരി,യന്നുമാത്രമാ
മന്ദിരത്തിങ്കൽ! നടുങ്ങീ വിലാസിനി.
ഇത്രയുംനേരമൊരദ്ഭുതസ്വർഗ്ഗത്തിൽ
നൃത്തംചവിട്ടിയ ചേതനയിങ്കലോ,
പാഴ്നിഴൽ വീശുന്നതീ മണൽക്കാടിന്‍റെ
മേനിയും ഹാനിയും? സംതൃപ്തയാണവൾ!
എങ്കിലും, നിത്യനിയമവിഭഞ്ജന
ശങ്കയാ,ലൽപമധീരയായോമലാൾ,
അന്തിവിളക്കു കൊളുത്തിഞൊടിക്കുള്ളി
ലന്തികത്തെത്തുമാ ലാവണ്യലക്ഷ്മിയെ
മിന്നിവിടർന്ന വിശാലനേത്രങ്ങളാ
ലുമ്മവെച്ചുംകൊണ്ടിരുന്നിതാക്കോമളൻ!
ഉൾപ്പുളകാർദ്രയായ് നിൽക്കുമത്തന്വിക്കു
സ്വപ്നസമാനമായ്ത്തോന്നീ സമസ്തവും!
തേനിറ്റുവീഴും സ്വരത്തിലക്കാമുക
നാനന്ദപൂർവ്വം തുടർന്നു തൻ ഭാഷണം:
"ഇന്നച്ഛനില്ലെന്നറിഞ്ഞതുകൊണ്ടാണു
വന്നതിവിടെക്കടന്നു ഞാൻ, വത്സലേ!"
"എമ്മട്ടറിഞ്ഞൂ?" വളർന്നൊരുൽക്കണ്ഠയാൽ
മൺമണിചോദിച്ചു രാഗപ്രസന്നയായ്.
'വത്സലേ, നിന്‍റെ വളപ്പിൽനിൽക്കും വെറും
പുൽക്കൊടിത്തുമ്പൊന്നനങ്ങിയാൽക്കൂടിയും,
ആരുംപറയാതെതന്നെ, സുസൂക്ഷ്മമാ
യാ നിമിഷത്തിലറിയും 'സദാശിവൻ'.
അത്രയ്ക്കലിഞ്ഞുകഴിഞ്ഞുപോയ് നിന്നിലെൻ
ചിത്ത,മതു നീയറിവിതോ വത്സലേ?
സദ്രസം നിന്നെത്തനിച്ചിദം കാണുവാ
നെത്രനാളായ് ഞാൻ കൊതിപ്പിതെന്നോമനേ!"
കോരിത്തരിക്കും മനസ്സുമായിത്ഥമ
ക്കോമളാപാംഗിയാളോതീ മധുരമായ്:
"അങ്ങയെ ധ്യാനിച്ചു രണ്ടു സംവത്സരം
കണ്ണീരിൽമുങ്ങിക്കഴിഞ്ഞവളാണു ഞാൻ!"
"ഞാനും കൊതിച്ചു ഭജിച്ചതാ,ണേവമീ
യാനന്ദരംഗം സമാഗതമാകുവാൻ!...."
എന്നാൽ നമുക്കിസ്സുദിനം സുഖാപ്തിതൻ
വെന്നിക്കൊടി പറപ്പിച്ചു കഴിക്കണം!"
തൻ പണസ്സഞ്ചിയിൽനിന്നും ധനപത്ര
ഖണ്ഡത്തിലൊന്നെടുത്തുദ്വേഗപൂർവ്വകം
ആരോമലിൻനേർക്കു സാകൂതമായ് നീട്ടി
യാ രമ്യരൂപൻ! നടുങ്ങീഗുണവതി!!
"ഇപ്പോൾ പണത്തിനു ബുദ്ധിമുട്ടുണ്ടെനി
ക്കിപ്പത്തുരൂപയിരിക്കട്ടെ, വത്സലേ,
മല്ലികയിന്നു തനിച്ചു കിടന്നിട
ട്ടില്ല, പോകുന്നില്ല വീട്ടിലേക്കിന്നു ഞാൻ!"
'മ. .ല്ലി. . ക മല്ലിക' ഗദ്ഗദം കാരണം
വല്ലാതെയസ്സാധു വീർപ്പുമുട്ടീടിനാൾ!
'മല്ലിക തീരെക്കിടപ്പാണൊരൊന്നര
ക്കൊല്ലമായ്, നീയറികില്ലയോ, വത്സലേ?
സാരമില്ലീ രാത്രി നമ്മൊളൊരുമി,ച്ച
താരുമൊരാളുമറികില്ലൊരിക്കലും!..."
തീരാത്ത കൂരിരുൾ! കഷ്ടമായ് വത്സലേ,
വേരറ്റുപോയി നിന്നാശകൾ സർവ്വവും.
നീ കിതയ്ക്കുന്നുവോ? വഞ്ചിതയായി നീ!
ലോക,മിതാണയേ ലോകം, മനസ്വിനി!...
"വത്സലേ! .. ഞാൻ..എന്‍റെയാശ .."യക്കാമുകൻ
തത്സമീപത്തേക്കടുക്കുന്നു വഞ്ചകൻ!
അസ്സാധുഞെട്ടിവിറച്ചു തിമിരത്തിൽ
വിശ്വമടിഞ്ഞു തെറിപ്പു വെൺതാരകൾ!
ലോകം കറങ്ങുന്നു ...ചക്രവാളങ്ങളിൽ
തീകത്തിയാളുന്നു ...മൂളുന്നു മൂങ്ങകൾ!
മുന്നിൽ മുഴുവൻ ഫണം വിടുർത്തിപ്പാഞ്ഞു
വന്നുകൂടീടുന്നു കാളസർപ്പാളികൾ!
ഞെട്ടുന്നു, ചുറ്റും മിഴിച്ചുനോക്കുന്നു ...ഹാ!
കഷ്ടമവൾക്കുറയ്ക്കുന്നില്ല കാലുകൾ!
'ദുഷ്ടൻ!'. . വിറക്കൊണ്ടു ഗർജ്ജിച്ചു, തൽക്കരം
തട്ടിമാറ്റി, ത്താഴെ മൂർച്ഛിച്ചുവീണവൾ!...
അപ്പുഷ്പബാണൻ പിശാചായി പെട്ടെന്നു
സ്വപ്നങ്ങൾ മാഞ്ഞൂ,യഥാർത്ഥമായ്സ്സർവ്വവും!
മുന്നോട്ടുനീങ്ങി, യാക്കൊച്ചുവിളക്കിലെ
പ്പൊന്നെതിർനാളം കെടുത്തിപ്പൊടുന്നനെ
കൊട്ടിയടച്ചു കവാട, മിരുട്ടിലാ
പ്പട്ടുടൽ കോരിയെടുത്തൂ നരാധമൻ! ...
പ്രജ്ഞയില്ലാത്തൊരാക്കന്യകാവിഗഹം!
പൊട്ടിത്തെറിക്കാത്തതെന്തു നീ വാനമേ?
പങ്കമേലാത്തൊരച്ചാരിത്രം! എന്തിനു
ശങ്കിപ്പു, ലോകം വിഴുങ്ങൂ, സമുദ്രമേ!
നിസ്സഹായത്വം! നിയമനിർമ്മാണത്തിൽ
ബദ്ധമാണിപ്പോഴുമല്ലി നീ, ലോകമേ?
വാനിൽത്തിളങ്ങുന്ന സത്യദീപങ്ങളേ,
ഹാ, നിങ്ങളെങ്കിലും സാക്ഷ്യം വഹിക്കണേ!!...
ഷഷ്ഠ വീചിക
കുളിർമതിലേഖ പൊങ്ങി, യപ്പാതിരാ
ക്കിളി ചിലച്ചു ... ചരിച്ചു മന്ദാനിലൻ.
മിഴി തുറന്നൂ മനോഹരി; ജാലക
പ്പഴുതിലൂടെത്തിയേണാങ്കരശ്മികൾ!
വിഗളിതാംശുകയായൊരുമെത്തയിൽ
വിവശമയ്യോ കിടക്കുകയാണവൾ.
നവമരന്ദം യഥേച്ഛം കവർന്നെടു
ത്തെവിടയോ പോയി മത്തമധുകരം!
മലിനമായ്ത്തീർന്നി,തിന്നുതൊട്ടാരുമാ
മലരിനെപ്പറ്റി വാഴ്ത്തില്ലൊരിക്കലും!
ഇതളുതിർന്നതു വീഴണം ശൂന്യമാ
മിരുളി,ലുൽക്കടനൈരാശ്യസീമയിൽ!...
അമിതരോഷവുമുഗനൈരാശ്യവു
മലയടിച്ചുതകർന്നമനസ്സുമായ്,
അവൾ പിടഞ്ഞെഴുനേറ്റു; ഹാ, കാൺമതി
ല്ലവിടെയാരെയു,മെങ്ങുപോയ് കശ്മലൻ?
ഝടിതി ദീപം കൊളുത്തി,ത്തളർന്നത
ന്നുടലിൽ നോക്കിക്കരഞ്ഞിതപ്പൈങ്കിളി,
തളിരെതിർപ്പിഞ്ചധരപുടങ്ങളിൽ,
കുളുർകുചങ്ങളിൽ,ച്ചെഞ്ചോരമുദ്രക്കൾ
വിഷഭരിതനാമാ വിടവൃശ്ചികം
രുഷിതനായ്ച്ചെയ്ത ദംശനപ്പാടുകൾ
അവ വിളംബരംചെയ്യുന്നു മൗനമാ
യധമമാമൊരു പൈശാചികോത്സവം!
അവൾ വിറകൊണ്ടു! ലോകമേ, നീയിരു
ന്നവസരോചിതനീതി നിർമ്മിക്കണേ!....
അവിടെയാ,ദ്ധനപത്രം കിടപ്പതു
ണ്ടധമനാമവനിട്ട കാണിക്കപോൽ.
അതുകടന്നെടുത്തായിരം ഖണ്ഡമാ
യവൾ പറത്തീ പരിസരവായുവിൽ!
അവയെനോക്കിച്ചിരിച്ചു വിക്ര്6തമാ
യമിതരോഷേണഗർജ്ജിക്കയാണവൾ:
'പ്രണയ,മയ്യോ,പ്രണയം! പ്രപഞ്ചമേ,
നുണപറഞ്ഞെന്നെയെത്ര വഞ്ചിച്ചു നീ?
കരുതിയില്ല ഞാനിന്നേവരേക്കുമീ
ക്കുരുതിപൂശിയ കാമസർപ്പോത്സവം!
ഇതിനുമാത്രമോ ദേഹ, മെന്നാലതിൽ
ഹൃദയമെന്തിനു ബന്ധിച്ചതീശ്വരൻ?
എരിപൊരിക്കൊണ്ട മാംസദാഹങ്ങളേ,
നരകമാക്കുന്നു നിങ്ങളിപ്പാരിനെ!
വെറുതെനിങ്ങൾ വിടില്ല, വിടില്ലൊരു
ചിറകൊടിഞ്ഞ പൂമ്പാറ്റയെക്കൂടിയും!! ...
പകലിരവു ഭജിച്ചു, നിസ്വാർത്ഥതാ
പരിധിയിൽവെച്ചു ഞാനൊരു ദേവനെ.
ഒരു പിശാചാണതെന്നുള്ള വാസ്തവം
കരുതിയില്ല, കിനാവിലും കൂടി ഞാൻ!
പുരുഷനല്ലവൻ, മർത്ത്യനുമല്ലവ
നൊരു മൃഗമ,ല്ലതിലുമധഃകൃതൻ.
അവനെയീവിധം സ്നേഹിക്കുവാനെനി
ക്കവസരം വെച്ച മുജ്ജന്മപാപമേ!
ഒരു തരുണിതൻ ജീവിതത്തിങ്കലും
പതിയരുതു നീ മേലിലൊരിക്കലും!
വരു കുഠാരമേ, നീതന്നെ വേണമി
ദ്ധരണിയിൽ മൽപ്രതികാരം നടത്തുവാൻ.
കരിപിടിച്ചതാമാ വിടഹൃത്തിലി
ക്കുരുതികൊണ്ടു നീ കുങ്കുമം ചാർത്തണം!
പുരുഷലോകപരാക്രമകാഹള
ത്തിരയിളക്കുന്ന നൽച്ചരിത്രങ്ങളേ,
വികൃതമിജ്ജഡം നിങ്ങൾ ക, ണ്ടക്ഷണം
വിഗതഗർവ്വരായ് ലജ്ജിച്ചു ചൂളണം! ...
ഒരു ഫലമില്ലതുകൊണ്ടു,മെന്തു ഞാൻ
കരുതി? ലോകമിതുതന്നെയെപ്പൊഴും!
അവനെ നിഗഹിച്ചീടുകിൽത്തീർന്നുപോ..
മതിനൊടൊപ്പമവനുള്ളതൊക്കെയും!
അതുലമാമൊരു നേട്ടമാ, ണിന്നവ
നതിനവസരം നൽകുകയില്ല ഞാൻ!
മരണമെത്ര സുഖദ,മിജ്ജീവിതം
ദുരിതപൂർണ്ണ,മതാണതിദുസ്സഹം.
വിടകുലാധമാ, പൊയ്ക്കൊൾക, നിർഭയം
വിടുകയാണിതാ നിന്നെയതിനു ഞാൻ!
ഇതിലുമുഗപ്രതികാരമൊന്നുമി
ക്ഷിതിയിലില്ല ഞാൻ നിന്നോടു ചെയ്യുവാൻ!
അവനു കാമകൃതാർത്ഥതയ്ക്കേവമെ
ന്നവശഗാത്രമിരയായിതെങ്കിലും,
അറിവു, ഞാനൊരു ഗർഭിണിയാവുകി
ല്ലറികയുമില്ല ലോകമിതൊന്നുമേ!
പഴയമട്ടൊരു സാവിത്രിതന്നെയായ്
കഴിയുവാനില്ല വൈഷമ്യമൽപവും.
പ്രിയതമനെയും കിട്ടുമെനിക്കു, ഞാൻ
സ്വയമതിനൊന്നു സമ്മതം മൂളുകിൽ.
പരമവഞ്ചനയാണതെന്നാകിലും
പരിലസിക്കാമെനിക്കിദ്ധരിത്രിയിൽ!
ക്ഷണികമാ വെറും സ്വപ്നത്തിനെന്തിനായ്
പണയമേകണമെൻ മനസ്സാക്ഷി ഞാൻ?
വിഫലമാത്മാർത്ഥരാഗം, വിഷമയ
വികൃതമാണിപ്രപഞ്ചം, ഭയങ്കരം!
ഇവിടെനിന്നിനി വീർപ്പുമുട്ടാനെനി
ക്കരുതു, ഞാനും വരുന്നു മരണമേ!
അതിവിശുദ്ധനാമെൻ പ്രിയതാതനൊ
രശുഭദർശനയാവുകയില്ല ഞാൻ!
ഇതുവിധത്തിലൊരാത്മഹത്യയ്ക്കു ഞാൻ
മുതിരുകിലെന്നെ ലോകം പഴിച്ചിടും.
ചിലരിതു വെറും ഭീരുത മാത്രമായ്
പ്രലപനങ്ങൾ നടത്തും പലവിധം.
അതിനെനിക്കെന്തു? ധീരയായ്ത്തന്നെ ഞാ
നിത വരുന്നൂ, വരുന്നൂ, മരണമേ! .."
ഒരു കുഠാരമാ മുഗ്ദ്ധഹൃത്തിങ്കലെ
പ്പരമരാഗം പകർത്തി ചെഞ്ചോരയിൽ!!
ഒക്റ്റോബർ 1943.
Manglish Transcribe ↓
Changampuzha krushnapilla=>▲ vathsala
appuzhavakkilekkaaykanitthoppilo
rapsarakanyayekkaanaam,
ponnushasandhyayumanthiyum chenkathir
chinnicchirikkumpozhennum;
nishkalankathvamudaledutthangane
nilkkunna vismayam pole! Sathsvabhaavatthinannaa naattilottukku
'vathsala'yennaanu naamam! Anvahaaraadhanaykkankamorukkuma
kkanyakaajeevithakshethram,
paavanachinthathan theerththaadanangalkku
paarijaathatthanalaayi! Prathyahashaanthiyum, kaanthiyum, kykortthu
nruttham nadatthumaa naattil
shaaleenathaykkoru mudrapo, laa mugdha
baalikayangane minni!.... Chaaratthu, chaaratthu, kaanaathadivecchu
thaarunyamaamandametthi,
potticchiricchukondappoovudalonnu
kettippidicchappozheykkum,
njetti, kkuthariyakannu, paribhava
ppettu, lajjicchathupole,
aa vanakorakam paathividarnnu ni
nnaamodadhaamamaayu minni! Maaratthuthaamaramottitta yauvana
maayimahendrajaalam,
thalkkalaapoortthithan vyjayanthikkoru
polkkasavittathupole,
uthsaahalolayaa vathsalabaalayo
ruthsavadaayiniyaayi! Pallaveethangalaam vallikalodaval
sallapikkunnathukaanaam. Chellasakhikalaayu nilkkunnorurvvashi
mullakal pookkunnakaalam,
onamaa, naavashyamillavalkkannottu
moonumurakkavum polum! Novuthatteedilo thozhimaa,rkkomalaal
poovaruttheedukillonnum! Baalathan mugdhakalaasvaadanatthinre
veliyettatthinpulappil,
sundaramakkanitthopporu noothana
nandanaaraamamaayu maari! Atthodithan padivaathilil pookkaala
metthi, mutteedumpozhekkum,
shreelamagaamam muzhuvanum saurabha
ccholayil mungukayaayi! Koccharipraakkalu, makkilivaathilil,
pacchakkilikalumetthum. Kytthaamaratthandil nenmaniyoronnu
kotthikkoricchangirikkum. Thatthakal muttatthu maathalatthykalil
thatthipparannu kalikkum. Poovudalaalin thudayil thalachaaycchu,
'povilla njaa'nenna mattil,
njaavalppazhavum karandukondangane
poovaalanannaanirikkum
aa meyyurummitthalayuyartthikkondo
romanappedamaan nilkkum! Achchhano,ttheva,mappulkkudilinkala
kkocchushakunthala minni!!.... Dvitheeya veechika
aarumarinjidaathannoru 'dushshantha'
naaromalaalin gruhatthiletthi. Madhyaahnattheeveylilaa mamgalaamganaa
maddhvagan vaaditthalarnnirunnu. Ksheenavum theeveylumonnicchu nettiyil
maanikyakkallu niratthivaykke,
daaha,mavanude thondaykkakatthentho
saahasamcheyyaan thuninjirunnu. Enkilu, metho kuleenathaadeepthitha
nnankurarashmikalaa mukhatthil,
"aadariccheedenamenne' yennulloru
vaadam samarththicchu ninnirunnu. Aa mukhabhaavamathanyarkkupolu,mo
raadaraaveshakamaayirunnu! Svachchhajalaarththiyaayu muttatthananjoraa
prachchhannakaamanekkandaneram,
sambhoothamaayithavalkkoru neriya
sankochasambhramapaaravashyam. Ekayaanomalaa, lachchhanillaathiththya
mekuvaa,ne,ngane maarinilkkum? Addhvaganaagatha,narddhavachodgatha
narththithasvaagatha,nadbhuthaamgan! Enganeyenthiniccheyyanam, chollanam? Engane kaanaatthamattukaattum? Ekanimesham parungalilppettava
lethumorkkaathe pakacchunilpaayu
pinnatthe maathrayil sthreesahajochitha
karmmavydagddhyatthin kandalikal
minnikkilarnnithavalude chethanaa
mandalatthinre vishaalathayil! Naanam vilakkilum pullupaayonnedu
tthenaakshi thinnayil sajjamaakki. Aagathanaadarapoorvakam sasmitham
svaagathamothinaal mohanaamgi. Aakamrakaanthi vazhinju vilangum than
kaaykanitthottatthilodiyetthi,
naarakakkompile svarnnagaalatthilo
nnaaraalpparicchedutthaatthavegam,
njekkippizhinjathu neerilkkalartthi,ttha
nnulkkaampupole madhuramaakki,
ajnjaathanaakumathithithan munnil ve
cchadbhuthagaathriyothungininnu! Aa madhuraamruthapaaneeyapaanavu
maa mamgalaakaaradarshanavum,
othaavathallaatthoraanandanirvruthi
chethasilarppicchithappumaanil! Thingitthulumpum kruthajnjathakaaranam
bhamgiyiratticcha kanmunayaal,
thooninre pinnil maranjuninnangane
naanamkunungumaa minnaline,
omanicchomanicchomalppulakatthin
poomaala chaartthicchoo pushpabaanan! Ponnudalaarnnoraa premagaanatthinre
munnilavan kanda devalokam
aayiramaayiramajnjaathasvapnangal
chaayampidippicchathaayirunnu! Aayiramaayiram salkkaarashaalayi
laakarshanangalthan veechikalil,
neenthitthalarnnu parichayicchullathan
svaanthamicchinthaykkadheenamaayi:
'choodin thalarccha sahikkaa, mikkanmuna
yodu njaanemmattethirtthunilkkum? Saamaanyayalliva, laasvadicchenkilee
gaameenapushpatthin thoomarantham! Thalkkaala,maadyatthe darshanampolumi
salkkaaramkondu nirampidikke,
aashaykku maarggam yatheshdamu,ndaudaarya
raashiyaayu njaanumabhinayikkil! ...."
aa nishkalankayaam gaameenabaalayu
maanandasthabdhayaayu ninnupoyi. Enthennariyaatthoretho minnalppina
rantharamgatthiluyarnnupongi,
orosirayilumottanjodikkulli
lolamilakkippulanjozhuki,
etho vidooramaam shoonyathaasindhuvi
laapathikkumpolavalkku thonni! Sankalpam nirmmicchoraamekhalayile
tthankakkathirthorumooyalaadi,
omalin chethanayororo gandharvva
bhoomi pinnittu kadannupoyi. Ellaam velicchavumellaam sugandhavu
mellaam pulakavumaayirunnu. Aakalpakaalam haa, neenduneendangane
pokilaa svarggeeyasanmuhoorttham! . . . Ekaanthathayude veenayilaamattu
mookathakondavar paattupaadi!! Thrutheeya veechika
chendaninju chiricchu pinneyum
randuvattamatthoppukal,
phullayauvanaashleshithaamgiyaa
yullasikkayaaninnaval,
aa vanapushpam vaariveeshiya
laavanyatthin parimalam
aanayicchu vidoorathayilni
nnaayiram shalabhangale,
vannapol, kashdam, pinmadangippo,
yonnupolavayokkeyum! Santhatham raagachinthayil manam
nonthunonthu vivashayaayu,
kannuneerilkkazhicchu naalukal
kanmani maathramenthino! Aarumaarumarinjathi,llava
laaraadhikkumaddhevane. Puthriyepparineethayaakkuvaa
nudyamicchoratthaathano,
ksheenachethananaayavasaanam
veenadinju niraashayil! ... Sadrasam veendumaa malanaatti
letthiyaapushpasaayakan;
ulkkadageeshmasukhavaasa
dikkilvaanukazhiykkuvaan. Prathyaham bhajicchishdadyvatham
prathyakshappetta maathrayil,
venalil mazhayetta mullapo
laanandicchoo vilaasini. Randunaalkondappoorvvasaubhagam
chendaninjithaa meniyil!... Aatthamodamirunnidumava
naattuvakkil vannanthiyil. Thellakaletthan kaaykanitthoppi
lullasikkumaa mohini. Manmunakalaal sallapicchuko
ndangumingumirunnavar,
svapnamoronnu kaanu, maa ramgam
svarggavediyaayu maaridum! Undavarkkettamaagahamonnu
minduvaan thammi, lenkilum,
ottha,thillatthodikkakatthennu
machchhanum kaanumanthiyil! Ennirikkilum, mookasandesha
monnurandalloraayiram,
kyviralkalaal, kanmunakalal,
kymaarumavar thangalil,
ororo dinamaavidhamoru
chaarusaurabhadhaarayil
mukkimukkikkazhicchukoottinaa
rulkkuthukamodannavar! Kaathare, verum paazhkinaavil nin
kaalamingane pokilo? . . . Chathurththa veechika
"iniyezhunaalekku njaanivide
tthaniyeyaa, naddhehametthiyenkil! Varikayillachchhanoraazhchayolam
kazhiyaa,thithenthu suvarnnaghattam! Orupakshe, kaaryam manasilaayaal
varumaayirikkumaakkomalaamgan! Ariyippathengane? Vallapaadu
mariyicchaa,linnennodenthuthonnum? Oruvaakku minduvaan polu, monnu
tharamaayittillenikkithranaalum. Madanopamaamganu venamenkil
mama jeevanpolum njaanekumallo!! ...
"parichiladdhehatthinen pranaya
charithamithottumarinjukoode? Mahiyilinnolam njaanethrayethra
manujare,kkashdam, hathaasharaakki! Avashanjaaninnisahippathellaa
mavarude shaapangalaayirikkaam! Anupamaakaara, malpraananaala
manubandhippicchu bhavaanodee njaan
thava paadadaasiyaamenneyorttha
ttharalahrudayam thudippathille? Avidunnen sankalpavigahatthe
yarikilcchertthaashlesham cheyvathille?....
"mizhiyadacchaal bhavaanennariki
lazhakilkkulicchu vannetthumallo! Avidutthe svapnangalaakamaana
mathupolen saannidhyasaandramalle? Orudinam raagavivashanaaye
nnarikilengaan bhavaan vannuchernnaal,
hrudayaadhinaatha, nin munnil njaanen
hrudayam malarkketthurannukaattum. Athilepranayatthin darshanatthi
lavidunnathishayappettupokum. Parichi,'lennomane'yennu cholli
kkarayugamangenre nerkkuneettum. Avidutthekkettippidicchu, njaana
suvimalavisthruthamaartthadatthil
thalachaaycchu thengikkarayu,mappol
pala saanthvanangal bhavaanarulum. Athukettu njaanakkaviltthadatthil
mathimarannaayiramummaveykkum! Purumodaalennetthalodi,yangu
pulakampurattumen poovalmeyyil!
'parayuken vathsale, ninneyee njaan
parinayikkunnathu sammathamo?'
avidunnu chodikkumennodeva
mathu kettu lajjayil njaanaliyum. Vivaranaatheethamaam modavaaypil
virakondu nilkkumen chitthapushpam!
'sharithanne, yachchhanum sammathikkil'
parichil njaan punchiriyittuchollum.
'athinenthu vyshamya' mennu chonne
nnadharatthilangoru mudrachaartthum. Mrudukarabandhanatthinkalninnum
kutharippidanju njaan maarinilkkum!....!
"avidunnennachchhan madangivannaa
labhimathamokketthurannarulum. Avichaarithaanandasaagaratthi
lavashanaayachchhan kuzhanjuveezhum. Anuraagalolaraam nammeyachchha
nanuyojippicchannanugahikkum! Thava sahadharmminiyaayi njaanee
yavaniyiltthrupthayaayullasikkum! Udalumen praananum thvalpadatthi
ladiyaravacchunjaanaattharaagam,
thava bhakthadaasiyaayu mevi, nithya
maviralashaanthi samaasvadikkum! Avidunnu veendum janicchapo,lo
rarumappoompythalinnammayaayu, njaan..."
orukaaladiyoccha kettu njetti
ttharalaakshiyonnu thirinjunokki. Padikadannetthunnu saandhyadeepthi
yudalilaninjukondaa madanan! Aval pidanjettu... Munnottu neengaa
naruthi,thenthunmaadapaaravashyam!! Athuverum svapnamo, maayayo? Haa! Mathimarannomalaal ninnupoyi!! Panchama veechika
aayiram minnalorumicchu hrutthatti
laalippadarnnu kuzhangumatthayyalaal,
aagathanaayorathithiyesasmitham
svaagatham cheythuvidarnna mizhikalaal
thingitthulumpiyoromanmuralikaa
samgeethamaa mugddhachitthatthilokkeyum!.... Kunninre pinnil maranjuninnangane
mandahasicchu manojnjasaayanthanam! Vellinakshathram kilarnnoo padinjaaru
phullaanuraagapratheekshapolangane! Mannilulanjoornnuveenuthudangi,yaa
vinninkalninnumirultthirasheelakal! Premaprasannamaam narmmasallaapatthi
laamagnaraayikkazhiyukayaanavar!!... Minniyillanthitthiri,yannumaathramaa
mandiratthinkal! Nadungee vilaasini. Ithrayumneramoradbhuthasvarggatthil
nrutthamchavittiya chethanayinkalo,
paazhnizhal veeshunnathee manalkkaadinre
meniyum haaniyum? Samthrupthayaanaval! Enkilum, nithyaniyamavibhanjjana
shankayaa,lalpamadheerayaayomalaal,
anthivilakku kolutthinjodikkulli
lanthikatthetthumaa laavanyalakshmiye
minnividarnna vishaalanethrangalaa
lummavecchumkondirunnithaakkomalan! Ulppulakaardrayaayu nilkkumatthanvikku
svapnasamaanamaaytthonnee samasthavum! Thenittuveezhum svaratthilakkaamuka
naanandapoorvvam thudarnnu than bhaashanam:
"innachchhanillennarinjathukondaanu
vannathividekkadannu njaan, vathsale!"
"emmattarinjoo?" valarnnorulkkandtayaal
manmanichodicchu raagaprasannayaayu.
'vathsale, ninre valappilnilkkum verum
pulkkoditthumponnanangiyaalkkoodiyum,
aarumparayaathethanne, susookshmamaa
yaa nimishatthilariyum 'sadaashivan'. Athraykkalinjukazhinjupoyu ninnilen
chittha,mathu neeyarivitho vathsale? Sadrasam ninnetthanicchidam kaanuvaa
nethranaalaayu njaan kothippithennomane!"
korittharikkum manasumaayiththama
kkomalaapaamgiyaalothee madhuramaay:
"angaye dhyaanicchu randu samvathsaram
kanneerilmungikkazhinjavalaanu njaan!"
"njaanum kothicchu bhajicchathaa,nevamee
yaanandaramgam samaagathamaakuvaan!...."
ennaal namukkisudinam sukhaapthithan
vennikkodi parappicchu kazhikkanam!"
than panasanchiyilninnum dhanapathra
khandatthilonnedutthudvegapoorvvakam
aaromalinnerkku saakoothamaayu neetti
yaa ramyaroopan! Nadungeegunavathi!!
"ippol panatthinu buddhimuttundeni
kkippatthuroopayirikkatte, vathsale,
mallikayinnu thanicchu kidannida
ttilla, pokunnilla veettilekkinnu njaan!"
'ma. . Lli. . Ka mallika' gadgadam kaaranam
vallaatheyasaadhu veerppumutteedinaal!
'mallika theerekkidappaanoronnara
kkollamaayu, neeyarikillayo, vathsale? Saaramillee raathri nammolorumi,ccha
thaarumoraalumarikillorikkalum!..."
theeraattha koorirul! Kashdamaayu vathsale,
verattupoyi ninnaashakal sarvvavum. Nee kithaykkunnuvo? Vanchithayaayi nee! Loka,mithaanaye lokam, manasvini!...
"vathsale! .. Njaan.. Enreyaasha .."yakkaamukan
thathsameepatthekkadukkunnu vanchakan! Asaadhunjettiviracchu thimiratthil
vishvamadinju therippu venthaarakal! Lokam karangunnu ... Chakravaalangalil
theekatthiyaalunnu ... Moolunnu moongakal! Munnil muzhuvan phanam vidurtthippaanju
vannukoodeedunnu kaalasarppaalikal! Njettunnu, chuttum mizhicchunokkunnu ... Haa! Kashdamavalkkuraykkunnilla kaalukal!
'dushdan!'. . Virakkondu garjjicchu, thalkkaram
thattimaatti, tthaazhe moorchchhicchuveenaval!... Appushpabaanan pishaachaayi pettennu
svapnangal maanjoo,yathaarththamaaysarvvavum! Munnottuneengi, yaakkocchuvilakkile
pponnethirnaalam kedutthippodunnane
kottiyadacchu kavaada, miruttilaa
ppattudal koriyedutthoo naraadhaman! ... Prajnjayillaatthoraakkanyakaavigaham! Pottittherikkaatthathenthu nee vaaname? Pankamelaatthoracchaarithram! Enthinu
shankippu, lokam vizhungoo, samudrame! Nisahaayathvam! Niyamanirmmaanatthil
baddhamaanippozhumalli nee, lokame? Vaaniltthilangunna sathyadeepangale,
haa, ningalenkilum saakshyam vahikkane!!... Shashdta veechika
kulirmathilekha pongi, yappaathiraa
kkili chilacchu ... Charicchu mandaanilan. Mizhi thurannoo manohari; jaalaka
ppazhuthiloodetthiyenaankarashmikal! Vigalithaamshukayaayorumetthayil
vivashamayyo kidakkukayaanaval. Navamarandam yathechchham kavarnnedu
tthevidayo poyi matthamadhukaram! Malinamaayttheernni,thinnuthottaarumaa
malarineppatti vaazhtthillorikkalum! Ithaluthirnnathu veezhanam shoonyamaa
miruli,lulkkadanyraashyaseemayil!... Amitharoshavumuganyraashyavu
malayadicchuthakarnnamanasumaayu,
aval pidanjezhunettu; haa, kaanmathi
llavideyaareyu,mengupoyu kashmalan? Jhadithi deepam kolutthi,tthalarnnatha
nnudalil nokkikkaranjithappynkili,
thalirethirppinchadharapudangalil,
kulurkuchangalil,cchenchoramudrakkal
vishabharithanaamaa vidavrushchikam
rushithanaayccheytha damshanappaadukal
ava vilambaramcheyyunnu maunamaa
yadhamamaamoru pyshaachikothsavam! Aval virakondu! Lokame, neeyiru
nnavasarochithaneethi nirmmikkane!.... Avideyaa,ddhanapathram kidappathu
ndadhamanaamavanitta kaanikkapol. Athukadannedutthaayiram khandamaa
yaval paratthee parisaravaayuvil! Avayenokkicchiricchu vikr6thamaa
yamitharoshenagarjjikkayaanaval:
'pranaya,mayyo,pranayam! Prapanchame,
nunaparanjenneyethra vanchicchu nee? Karuthiyilla njaaninnevarekkumee
kkuruthipooshiya kaamasarppothsavam! Ithinumaathramo deha, mennaalathil
hrudayamenthinu bandhicchatheeshvaran? Eriporikkonda maamsadaahangale,
narakamaakkunnu ningalippaarine! Verutheningal vidilla, vidilloru
chirakodinja poompaattayekkoodiyum!! ... Pakaliravu bhajicchu, nisvaarththathaa
paridhiyilvecchu njaanoru devane. Oru pishaachaanathennulla vaasthavam
karuthiyilla, kinaavilum koodi njaan! Purushanallavan, martthyanumallava
noru mrugama,llathilumadhakruthan. Avaneyeevidham snehikkuvaaneni
kkavasaram veccha mujjanmapaapame! Oru tharunithan jeevithatthinkalum
pathiyaruthu nee melilorikkalum! Varu kudtaarame, neethanne venami
ddharaniyil malprathikaaram nadatthuvaan. Karipidicchathaamaa vidahrutthili
kkuruthikondu nee kunkumam chaartthanam! Purushalokaparaakramakaahala
tthirayilakkunna nalccharithrangale,
vikruthamijjadam ningal ka, ndakshanam
vigathagarvvaraayu lajjicchu choolanam! ... Oru phalamillathukondu,menthu njaan
karuthi? Lokamithuthanneyeppozhum! Avane nigahiccheedukilttheernnupo.. Mathinodoppamavanullathokkeyum! Athulamaamoru nettamaa, ninnava
nathinavasaram nalkukayilla njaan! Maranamethra sukhada,mijjeevitham
durithapoornna,mathaanathidusaham. Vidakulaadhamaa, poykkolka, nirbhayam
vidukayaanithaa ninneyathinu njaan! Ithilumugaprathikaaramonnumi
kshithiyililla njaan ninnodu cheyyuvaan! Avanu kaamakruthaarththathaykkevame
nnavashagaathramirayaayithenkilum,
arivu, njaanoru garbhiniyaavuki
llarikayumilla lokamithonnume! Pazhayamattoru saavithrithanneyaayu
kazhiyuvaanilla vyshamyamalpavum. Priyathamaneyum kittumenikku, njaan
svayamathinonnu sammatham moolukil. Paramavanchanayaanathennaakilum
parilasikkaamenikkiddharithriyil! Kshanikamaa verum svapnatthinenthinaayu
panayamekanamen manasaakshi njaan? Viphalamaathmaarththaraagam, vishamaya
vikruthamaaniprapancham, bhayankaram! Ivideninnini veerppumuttaaneni
kkaruthu, njaanum varunnu maraname! Athivishuddhanaamen priyathaathano
rashubhadarshanayaavukayilla njaan! Ithuvidhatthiloraathmahathyaykku njaan
muthirukilenne lokam pazhicchidum. Chilarithu verum bheerutha maathramaayu
pralapanangal nadatthum palavidham. Athinenikkenthu? Dheerayaaytthanne njaa
nitha varunnoo, varunnoo, maraname! .."
oru kudtaaramaa mugddhahrutthinkale
pparamaraagam pakartthi chenchorayil!! Okttobar 1943.