▲ സൗന്ദര്യലഹരി ബാഷ്പാഞ്ജലി
ചങ്ങമ്പുഴ കൃഷ്ണപിള്ള=>▲ സൗന്ദര്യലഹരി ബാഷ്പാഞ്ജലി
പച്ചിലച്ചാർത്തിൻ പഴുതിങ്കലൂടതാ കാൺമൂ
പശ്ചിമാംബരത്തിലെപ്പനിനീർപ്പൂന്തോട്ടങ്ങൾ.
ഇത്തരം സൗന്ദര്യം ഞാൻ നുകരാൻ തുടങ്ങിയി
ട്ടെത്ര കാലമാ,യെന്നാലിനിയും തീർന്നില്ലല്ലോ!
ഓരോരോ ദിവസവുമത്യനർഗ്ഘമായീടും
ചാരുതയൊന്നീ ലോകഗാളത്തെപ്പുതുക്കുന്നു.
അല്ലെങ്കിൽ, പ്രാപഞ്ചികജീവിതത്തിനെ, നമ്മ
ളെല്ലാരുമിതിൻമുൻപേ വെറുത്തുകഴിഞ്ഞേനെ!
പൂർവ്വദിങ്ങ്മുഖത്തിങ്കൽ സിന്ദൂരപൂരംപൂശി
പ്പൂവിനെച്ചിരിപ്പിച്ചുവന്നെത്തും പുലരിയും;
മുല്ലമൊട്ടുകൾവാരി വാനിങ്കൽ വിതറിക്കൊ
ണ്ടുല്ലാസഭരിതയായണയുംസന്ധ്യാ ശ്രീയും;
വാനിലുല്ലസിച്ചിടും വാര്മതിയൊഴുക്കുന്ന
പൂനിലാവിങ്കൽ കുളിച്ചെത്തിടും രജനിയും;
എന്തിനിപ്രകൃതിയിൽ സൗന്ദര്യമയമായു
ള്ളെന്തും,ഹാ ജീവിതത്തെ മധുരിപ്പിച്ചീടുന്നു!
കുളിർത്തമണിത്തെന്നൽ സൗരഭോന്മദം പൂണ്ടു
തളിർത്ത തരുക്കളെത്തഴുകിത്തളരവെ;
അന്തരംഗാന്തരത്തിലംബരാന്തത്തെയേന്തി
ത്തന്തിരകളാൽ താളംപിടിച്ചു പാടിപ്പാടി
പാറക്കെട്ടുകൾതോറും പളുങ്കുമണി ചിന്നി
യാരണ്യപ്പൂഞ്ചോലകളാമന്ദമൊഴുകവെ;
മരന്ദം തുളുമ്പുന്ന മലരിൽ ചുറ്റും കൂടി
മുരളും തേനീച്ചകൾ പറന്നു കളിക്കവെ;
വല്ലികാനടികൾ നൽപല്ലവാകുലമായ
ചില്ലകൈയുകളാട്ടി നർത്തനം ചെയ്തീടവെ;
അറിയാതവരോടുകൂടി നമ്മളു,മേതോ
പരമാനന്ദപ്രവാഹത്തിങ്കൽ മുഴുകുന്നു.
ഈ വിധം മനോഹരവസ്തുക്കളെല്ലാം നമ്മെ
"ജ്ജീവിക്കു, ജീവിക്കു," കെന്നുൽബോധിപ്പിപ്പൂ നിത്യം.
"നുകരു,നുകരു,മത്സൗന്ദര്യം!" നമ്മോടിളം
മുകുളം വികസിച്ചു നെടുവീർപ്പിട്ടോതുന്നു.
"മുറുകെ മുകർന്നീടുകോമനേ, പിന്നെപ്പിന്നെ
മറവിക്കകത്തേയ്ക്കു വീണടിയേണ്ടൊരെന്നെ!"
പാടലദലാധരം പേർത്തുമുച്ചലിക്കെ,ച്ചെ
റ്റാടലാർന്നളിയോടു പനിനീർപ്പൂവർത്ഥിപ്പൂ.
ജീവിതലഘുകാവ്യത്തിൻ പകർപ്പവകാശം
കേവലം മരണത്തിനുള്ളതാണെങ്കിലാട്ടെ;
നിത്യസുന്ദരമാകും, സ്നേഹഗീതിയാലതു
നിസ്തുലമാക്കിത്തീർക്കാനാവുകി, ലതേ കാമ്യം!
സായാഹ്നരാഗംപോലെ സർവ്വവും തേയാം, മായാം
പോയാലോ പോയി; പിന്നെയൊന്നു, മില്ലെല്ലാം ശൂന്യം!
ഇന്നുനാമുള്ളോ,രില്ലാത്തവരായ്ത്തീർന്നിടേണം
പിന്നാലെവരുന്നോർക്കൊരന്ധാന്വേഷണത്തിനായ്.
ഇന്നലെ,ത്തേങ്ങിത്തേങ്ങിയെന്തിനോകരഞ്ഞു ഞാ
നിന്നിനിച്ചിരിക്കട്ടെ; നാളെഞാനൊഴിഞ്ഞേയ്ക്കാം!
പുതുമേ, വീണ്ടും വീണ്ടും പുൽകുക ലോകത്തെ നീ
'മതി!' യെന്നവളെക്കൊണ്ടോതിക്കാതൊരിക്കലും!
Manglish Transcribe ↓
Changampuzha krushnapilla=>▲ saundaryalahari baashpaanjjali
pacchilacchaartthin pazhuthinkaloodathaa kaanmoo
pashchimaambaratthileppanineerppoonthottangal. Ittharam saundaryam njaan nukaraan thudangiyi
ttethra kaalamaa,yennaaliniyum theernnillallo! Ororo divasavumathyanargghamaayeedum
chaaruthayonnee lokagaalatthepputhukkunnu. Allenkil, praapanchikajeevithatthine, namma
lellaarumithinmunpe verutthukazhinjene! Poorvvadingmukhatthinkal sindoorapoorampooshi
ppoovinecchirippicchuvannetthum pulariyum;
mullamottukalvaari vaaninkal vitharikko
ndullaasabharithayaayanayumsandhyaa shreeyum;
vaanilullasicchidum vaarmathiyozhukkunna
poonilaavinkal kulicchetthidum rajaniyum;
enthiniprakruthiyil saundaryamayamaayu
llenthum,haa jeevithatthe madhurippiccheedunnu! Kulirtthamanitthennal saurabhonmadam poondu
thalirttha tharukkaletthazhukitthalarave;
antharamgaantharatthilambaraanthattheyenthi
tthanthirakalaal thaalampidicchu paadippaadi
paarakkettukalthorum palunkumani chinni
yaaranyappooncholakalaamandamozhukave;
marandam thulumpunna malaril chuttum koodi
muralum theneecchakal parannu kalikkave;
vallikaanadikal nalpallavaakulamaaya
chillakyyukalaatti nartthanam cheytheedave;
ariyaathavarodukoodi nammalu,metho
paramaanandapravaahatthinkal muzhukunnu. Ee vidham manoharavasthukkalellaam namme
"jjeevikku, jeevikku," kennulbodhippippoo nithyam.
"nukaru,nukaru,mathsaundaryam!" nammodilam
mukulam vikasicchu neduveerppittothunnu.
"muruke mukarnneedukomane, pinneppinne
maravikkakattheykku veenadiyendorenne!"
paadaladalaadharam pertthumucchalikke,cche
ttaadalaarnnaliyodu panineerppoovarththippoo. Jeevithalaghukaavyatthin pakarppavakaasham
kevalam maranatthinullathaanenkilaatte;
nithyasundaramaakum, snehageethiyaalathu
nisthulamaakkittheerkkaanaavuki, lathe kaamyam! Saayaahnaraagampole sarvvavum theyaam, maayaam
poyaalo poyi; pinneyonnu, millellaam shoonyam! Innunaamullo,rillaatthavaraayttheernnidenam
pinnaalevarunnorkkorandhaanveshanatthinaayu. Innale,tthengitthengiyenthinokaranju njaa
ninninicchirikkatte; naalenjaanozhinjeykkaam! Puthume, veendum veendum pulkuka lokatthe nee
'mathi!' yennavalekkondothikkaathorikkalum!